പാലക്കാട്: നഗരഹൃദയത്തിലെ വീട്ടില്‍ നിന്ന് അറുപത് പവന്‍ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ വാദി പ്രതിയായി. വീട്ടുജോലിക്കാരി മോഷണം നടത്തിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ജോലിക്കാരിയെ ശാരീരികമായി ചൂഷണം ചെയ്ത, വീട്ടുടമയും മകനും ഇവരെ ഒഴിവാക്കുന്നതിനായി കെട്ടിച്ചമച്ച കഥയാണ് മോഷണ സംഭവമെന്ന് മനസിലാകുന്നത്. ജോലിക്കാരിയായ സ്ത്രീയുടെ പരാതിയില്‍ ടൗണ്‍ നോര്‍ത്ത് പൊലീസ് കേസെടുത്തു.

സപ്തംബര്‍ പത്തിനാണ് പാലക്കാട് ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം കൃഷ്ണനികേതനില്‍ ഡോക്ടര്‍ പി.ജി മേനോന്റെ വീട്ടില്‍ പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന അറുപത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കളവ് പോയത്. വീട്ടുടമ സംശയം പ്രകടിപ്പിച്ചതോടെ ജോലിക്കാരിയായി നിന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ഡോ. പി.ജി മേനോനും മകന്‍ ഡോക്ടര്‍ കൃഷ്ണമോഹനനും കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഈ വര്‍ഷം സെപ്തംബര്‍ വരെ നിരവധി തവണ ശാരീരികമായി ചൂഷണം ചെയ്ത വിവരം സ്ത്രീ വെളിപ്പെടുത്തുന്നത്.

93 വയസുകാരനായ ഡോക്ടര്‍ പി.ജി മേനോന്‍ ഇവര്‍ക്ക് വിവാഹവാഗ്ദാനം നല്‍കിയതായും മൊഴിയിലുണ്ട്. ഇതുപ്രകാരം രണ്ട് ഡോക്ടര്‍മാരുടെയും അറസ്റ്റ് വൈകാതെ ഉണ്ടാകും. മോഷ്ടിക്കപ്പെട്ടതായി പറയുന്ന സ്വര്‍ണാഭരണങ്ങള്‍ ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. ജോലിക്കാരി സ്ത്രീയുടെ മേല്‍ മോഷണക്കുറ്റം ചുമത്തി ഇവരെ ഒഴിവാക്കാനുള്ള ശ്രമം ആയിരുന്നു ഇതെന്നാണ് പൊലീസിന്റെ നിഗമനം. നോര്‍ത്ത് സി.ഐ ശിവശങ്കരന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.