Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയാക്കണമെന്ന് പളനി സ്വാമി; ഗവര്‍ണറെ കണ്ടു

Palaniswami named new CM pick
Author
First Published Feb 14, 2017, 12:24 PM IST

തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് പളനിസാമി ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഭൂരിഭാഗം എംഎല്‍എമാരുടേയും പിന്തുണ തനിക്കെന്ന് പളനിസാമി പറഞ്ഞു. പളനിസാമിക്ക് 123 എംഎല്‍എമാരുടെ പിന്തുണയെന്ന് സൂചന. 12 അംഗ സംഘമാണ് പളനിസാമിക്കൊപ്പം ഗവര്‍ണറെ കണ്ടത്.

ജയലളിതയുടെ രാഷ്ട്രീയപ്രവേശനം തൊട്ടിങ്ങോട്ട് എന്നും അമ്മയുടെ വിശ്വസ്ത വിധേയനായിരുന്നു പളനി സ്വാമി. ജയലളിതയുടെ വിശ്വസ്തരായ നാല്‍വര്‍ സംഘത്തിലെ പ്രമുഖനും. ജയലളിതയുടെ മരണശേഷം ശശികലയുടെ വിശ്വസ്തനായി. പനീര്‍ സെല്‍വ്വം മുഖ്യമന്ത്രിയായപ്പോള്‍, ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. എഐഎഡിഎംകെ എംഎല്‍എ മാരെ ശശികലക്കൊപ്പം നിര്‍ത്താന്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. എംഎല്‍എ മാരെ മഹാബലിപുരത്തെ റിസോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പായി, പളനിസ്വാമിയുടെ വീട്ടില്‍ കൊണ്ടുപോയിരുന്നു.

1971ല്‍ ഡിഎംകെ ഉള്‍പ്പെടെ 6 തവണ നിയമസഭാസാമാജികനാണ് പളനി സ്വാമി. എടപ്പാടി താലൂക്കിലെ നെടുങ്കുളം ഗ്രാമത്തില്‍ ജനിച്ച പളനിസ്വാമി 1980ല്‍ എഐഎഡിഎംകെയില്‍ ചേര്‍ന്നു. 1987ല്‍ എംജിആറിന്റെ നിര്യാണത്തെത്തുടര്‍ന്ന് പാര്‍ട്ടിയിലെ അധികാരത്തര്‍ക്കത്തില്‍ ജയലളിതയ്ക്കു പിന്നില്‍ നിലയുറപ്പിച്ചു. സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധീകരിക്കുന്നു.

2011-2016 കാലയളവില്‍ ജയ പലതവണ മന്ത്രിസഭ അഴിച്ചുപണിതെങ്കിലും പളനിസ്വാമിക്ക് ഒരിക്കലും സ്ഥാനം നഷ്ടമായില്ല. ശശികലയും പനീര്‍ സെല്‍വ്വവുമുള്‍പ്പെട്ട തേവര്‍ സമുദായത്തിനൊപ്പം അണ്ണാഡിഎംകെ യുടെ കരുത്തായ ഗൗണ്ടര്‍ പിന്നാക്ക സമുദായത്തിലെ പ്രമുഖനായ നേതാവുമാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ പളനിസ്വാമി എടപ്പാടി മണ്ഡലം നിലനിര്‍ത്തി. കൂടാതെ സേലം ജില്ലയിലുടനീളം എഐഎഡിഎംകെ മിന്നുംവിജയം കൈവരിക്കുന്നതില്‍ പളനിസ്വാമിയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു.
 

Follow Us:
Download App:
  • android
  • ios