Asianet News MalayalamAsianet News Malayalam

ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതിന് പാളയം ഇമാമിനെതിരെ വിദ്വേഷ പ്രചാരണം; ഇമാം നല്‍കിയ മറുപടിയും

ഇതിന് തീവ്രനിലപാടുകാരോട് സ്‌നേഹപൂര്‍വമെന്ന പേരില്‍ പാളയം ഇമാം വി.പി സുഹൈബ് മൗലവി മറുപടി

palayam-imam-vp-suhaib-moulavis-xmas celebration-controversy
Author
Kerala, First Published Dec 27, 2018, 6:51 PM IST

തിരുവനന്തപുരം: സാന്താക്ലോസ് വേഷം ധരിച്ച് ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തതിന് തിരുവനന്തപുരം പാളയം പളളിയിലെ ഇമാമിനെതിരെ  വിദ്വേഷ പ്രചാരണവുമായി ഒരു വിഭാഗം രംഗത്ത്. തിരുവനന്തപുരം പാളയം പളളിയിലെ ഇമാം വി.പി സുഹൈബ് മൗലവിക്കെതിരെയാണ് പ്രചരണം. ഇതിന് തീവ്രനിലപാടുകാരോട് സ്‌നേഹപൂര്‍വമെന്ന പേരില്‍ പാളയം ഇമാം വി.പി സുഹൈബ് മൗലവി മറുപടിയും കൊടുത്തിട്ടുണ്ട്.

തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്ന ക്രിസ്മസ് പരിപാടിയിലാണ് നിരവധി പേര്‍ക്കൊപ്പം പാളയം ഇമാം വി.പി സുഹൈബ് മൗലവി സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തി കേക്ക് മുറിക്കുന്ന ചടങ്ങില്‍ പങ്കെടുത്തത്. ഇതിനെതിരെയാണ് ഒരു വിഭാഗം മുസ്ലിം സംഘടനാ നേതാക്കളുടെ പേരില്‍ സംയുക്ത പ്രസ്താവന പുറത്തിറങ്ങിയത്.

ശരീഅത്ത് നിയമം ലംഘിച്ച പാളയം ഇമാം പശ്ചാത്തപിച്ച് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടാണ് ചില മുസ്ലീം സംഘടനകളുടെ പേരില്‍ പ്രസ്താവന പുറത്തുവരുന്നത്. ഇതരമത വിശ്വാസികളോട് നിഷ്‌ക്കളങ്കമായ സൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും പുലര്‍ത്തണമെന്നാണ് ഇസ്ലാമിക ശരീഅത്ത് വിശ്വാസികളോട് ആവശ്യപ്പെടുന്നത്. എന്നാല്‍, പൊങ്കാലയര്‍പ്പണം, പൊട്ട് തൊടല്‍, കുറിയിടുക, മലകയറുക, കുരിശ് ധരിക്കുക, സാന്താക്ലോസിന്റെ വേഷമണിയുക തുടങ്ങി മറ്റു മതങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ ഏത് സാഹചര്യത്തിലും വിശ്വാസികള്‍ ഏറ്റെടുക്കുന്നതിനെ ഇസ്ലാം ശക്തമായി വിലക്കിയിട്ടുണ്ട്. 

ശരീഅത്ത് നിയമങ്ങളില്‍ നിന്നും വ്യതിചലിക്കുന്നവരെ നേര്‍വഴിക്ക് നയിക്കേണ്ട ബാധ്യതയാണ് ഇമാമുമാര്‍ക്കുളളത്. പാളയം ജുമാമസ്ജിദ് ഇമാം തന്റെ ഈ പ്രവൃത്തിയിലൂടെ സമുദായത്തിലെ പുതുതലമുറയ്ക്ക് തികച്ചും തെറ്റായ സന്ദേശം നല്‍കിയിരിക്കുകയാണ്. ശരീഅത്ത് വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിച്ചവരെ തീവ്ര നിലപാടുകാരെന്ന് ആക്ഷേപിച്ച പാളയം ഇമാമിന്റെ നിലപാട് വിവരക്കേടും കടുത്ത ധിക്കാരവുമാണ്. മത സൗഹാര്‍ദ്ദത്തിന്റെ മേല്‍വിലാസത്തില്‍ ഇസ്ലാമിക വിശ്വാസസംഹിതയുടെ മൂല്യങ്ങളെ പണയം വയ്ക്കുന്ന നടപടിക്കെതിരെ പാളയം മഹല്ലിലെ വിശ്വാസികള്‍ ബോധവാന്മാരാവണമെന്നും പ്രസ്താവനയില്‍ പറയുന്നു.

കുറ്റിച്ചല്‍ ഹസ്സന്‍ ബസരി ബാഖവി അല്‍ ഖാസിമി(ജില്ലാ പ്രസിഡന്റ്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ), വിഴിഞ്ഞം അബ്ദുറഹ് മാന്‍ സഖാഫി(ജില്ലാ പ്രസിഡന്റ് സമസ്ത കേരള സുന്നീ ജംഇയ്യത്തുല്‍ ഉലമാ), മൗലവി നസീര്‍ ഖാന്‍ ഫൈസി(ജില്ലാ ട്രഷറര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ), അബൂറബീഅ് സ്വദഖത്തുല്ലാഹ് മൗലവി(സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമാ), സയ്യിദ് പൂക്കോയാ തങ്ങള്‍ ബാഖവി(ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം), മൗലവി നവാസ് മന്നാനി പനവൂര്‍(ചീഫ് ഇമാം, സെന്‍ട്രല്‍ ജുമാമസ്ജിദ്),എ.സെയ്ഫുദ്ദീന്‍ ഹാജി (കേരള സുന്നീ ജമാഅത്ത്), ആലംകോട് ഹസ്സന്‍(സുന്നി യുവജന സംഘം), എം.എ ഇബ്‌റാഹീം(കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍),മൗലവി അബ്ദുല്ലാഹ് ബാഖവി(കേരള മുസ്ലിം യുവജന ഫെഡറേഷന്‍) എന്നിവരുടെ പേരിലുളള പ്രസ്താവനയാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്.

എന്നാല്‍ ഇതിന് നല്‍കിയ മറുപടിയില്‍ ഇമാം പറയുന്നത് ഇതാണ്, സഹോദര സമുദായങ്ങളുടെ ആഘോഷങ്ങളില്‍ മുസ്‌ലിങ്ങളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് രണ്ടഭിപ്രായമുണ്ടെങ്കിലും ബഹുദൈവത്വപരമായ ചടങ്ങുകളുണ്ടെങ്കില്‍ അതില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള ജാഗ്രതയോടെ അത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്നതാണ് നിലപാടെന്ന് ഇമാം പറയുന്നു. അതിന്റെ ഇസ്‌ലാമിക വിശദീകരണം ഖുത്ബകളിലടക്കം പല സന്ദര്‍ഭങ്ങളിലും നാം പങ്ക് വെച്ചതാണ്. ഇനിയും ചര്‍ച്ചകള്‍ ആകാം.

നജ്‌റാനില്‍ നിന്ന് ക്രൈസ്തവ പുരോഹിതന്മാര്‍ മസ്ജിദു ന്ന ബവിയില്‍ വന്നപ്പോള്‍ അവര്‍ക്ക് ക്രൈസ്തവ രീതിയനുസരിച്ച് ആരാധന നിര്‍വ്വഹിക്കാന്‍ റസൂല്‍(സ) പള്ളിയില്‍ തന്നെ സൗകര്യമൊരുക്കി എന്ന ചരിത്രമൊന്നും മറക്കേണ്ട. ക്രിസ്മസ് മാത്രമല്ല ഓണവും ഈദും ഇഫ്താറുകളുമെല്ലാം നാം ജാതി-മത-കക്ഷി രാഷ്ട്രീയ വ്യത്യാസമന്യേയാണ് ആഘോഷിക്കാറുള്ളത്. നമ്മുടെ ഈദ്ഗാഹില്‍ സഹോദര സമുദായങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളടക്കം പലരും പങ്കെടുക്കാറുമുണ്ട്. മേല്‍ പറഞ്ഞ ക്രിസ്മസ് ആഘോഷവും തിരുവനന്തപുരത്തിന് ഒരു പുതിയ കാര്യമല്ല. 

ഇതിലേക്കെല്ലാം അതത് കാലഘട്ടങ്ങളിലെ പാളയം ഇമാമുമാരെ ക്ഷണിക്കാറുമുണ്ട്. ഈ ആഘോഷങ്ങളിലുളള പങ്കാളിത്തം വിശ്വാസങ്ങളെ ഉള്‍ക്കൊളളലായി ആരും മനസ്സിലാക്കുന്നില്ല. സഹോദര സമുദായങ്ങള്‍ നമ്മുടെ കൂടെ ഈദിലും ഇഫ്താറിലുമെല്ലാം പങ്ക് ചേരുമ്പോള്‍ ഇതിന്റെ പിന്നിലുള്ള ചരിത്ര യാഥാര്‍ത്ഥ്യങ്ങളെയെല്ലാം അവര്‍ അംഗീകരിക്കുന്നു എന്നാണോ എതിര്‍ക്കുന്നവര്‍ മനസ്സിലാക്കുന്നത്. ഇത്തരം പരിപാടികളെല്ലാം ബുദ്ധിയുള്ള മുഴുവന്‍ മനുഷ്യരും സാംസ്‌കാരിക പ്രവര്‍ത്തനമായാണ് കാണുന്നതെന്നും ഇമാം പറയുന്നു.

Follow Us:
Download App:
  • android
  • ios