പാൽഘർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികൾ ജയം ഉറപ്പിക്കാൻ ബിജെപി
മുംബൈ: കർണ്ണാടകത്തിൽ മുഖം നഷ്ടപ്പെട്ട ബിജെപിയ്ക്ക് മഹാരാഷ്ട്ര പാൽഘർ ലോക്സഭാ മണ്ഡലത്തിലേക്ക് അടക്കമുള്ള ഉപതെരെഞ്ഞെടുപ്പുകൾ വെല്ലുവിളിയാണ്. ബിജെപിക്കെതിരെ ശിവസേന സ്ഥാനാർത്ഥിയും മത്സരിക്കുന്നു. കോൺഗ്രസ് നേതാവിനെ അടർത്തിയെടുത്ത് സ്ഥാനാർത്ഥിയാക്കിയ തന്ത്രം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
തെരുവിൽ ഒരുപാട് നായ്ക്കൾ കുരയ്ക്കും, പക്ഷേ കാട്ടിൽ ഒരു സിംഹമേ ഒള്ളു അത് നമ്മളാണ്, വിജയവും നമുക്ക് തന്നെയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് പ്രചാരണത്തിനിടെ പറഞ്ഞു. അതേ സമയം വലിയ അവകാശവാദമൊന്നും കോൺഗ്രസ് ഉന്നയിക്കുന്നുമില്ല.
ബിജെപി എംപി ചിന്താമൻ വൻഗ മരിച്ചതിനെ തുടർന്നാണ് പാൽഘറിൽ ഉപതെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. ചിന്താമൻ വൻഗയുടെ മകനെ സ്ഥാനാർത്ഥിയാക്കി വലിയ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ശിവസേന നൽകിയത്. ഇത് മറികടക്കാൻ വന്‍പ്രചാരണമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിന്റെ നേതൃത്വത്തിൽ ബിജെപി നടത്തുന്നത്.
2014ൽ കിട്ടിയ രണ്ടര ലക്ഷം ഭൂരിപക്ഷം നിലനിർത്തുമെന്നാണ് അവകാശവാദം. കോൺഗ്രസ് നേതാവായിരുന്ന രാജേന്ദ്ര ഗാവത്താണ് ബിജെപി സ്ഥാനാർത്ഥി. പാർട്ടി വോട്ടുകൾക്ക് പുറമേ രാജേന്ദ്ര ഗാവത്ത് പിടിക്കുന്ന വ്യക്തിഗത വോട്ടുകൾ കൂടിയാകുമ്പോൾ ജയം ഉറപ്പെന്ന് ബിജെപി ക്യാംപ് കണക്ക് കൂട്ടുന്നു.
നാലസൊപാര, പാൽഘർ, ബോയ്സർ, താരാപുർ തുടങ്ങിയ മേഖലകളിലെ ഉത്തരേന്ത്യൻ വോട്ടർമാരെ ആകർഷിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പാൽഘറിൽ പ്രചാരണത്തിനെത്തും. ബിജെപിയെ മലർത്തിയടിച്ച് മഹാരാഷ്ട്രയിൽ ആധിപത്യം തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് ശിവസേന.. ബിജെപി വോട്ടുകൾ ഭിന്നിക്കുകയും, പിന്നാക്ക വോട്ടുകളുടെ ഏകീകരണവുമുണ്ടായാൽ വിജയം പ്രതീക്ഷിച്ച് ബഹുജൻ വികാസ് അഘാടിയും മത്സരരംഗത്തുണ്ട്. സിപിഎമ്മിനും പാൽഘറിൽ സ്ഥാനാർത്ഥിയുണ്ട്.. 28 നാണ് വോട്ടെടുപ്പ്.
