ഇനി സ്ത്രീകളാരെങ്കിലും പ്രവേശനം ആവശ്യപ്പെട്ട് വന്നാൽ തടയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു
കണ്ണൂർ: കാലങ്ങളായുള്ള ആചാരം തെറ്റിച്ച് സ്ത്രീകൾ ആവശ്യപ്പെട്ടാൽ പ്രവേശനം നൽകാനൊരുങ്ങി കണ്ണൂരിൽ ഒരു ക്ഷേത്രം. കണ്ണൂർ കല്യാശ്ശേരിയിലെ പാലോട്ട് കാവാണ് സ്ത്രീകൾക്ക് കാവിൽ കയറാമെന്ന നിലപാടെടുത്തിരിക്കുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രം സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് വിവാദത്തിലായിരുന്നു.
ശബരിമലയിൽ വിലക്ക് 10നും 50 നും ഇടക്കുള്ള സ്ത്രീകൾക്കാണെങ്കിൽ ഈ ക്ഷേത്രത്തിനുള്ളിലെ മതിൽക്കെട്ടിനകത്തേക്ക് സ്ത്രീക്ക് പ്രവേശനമേ ഇല്ല. കാവിന് തൊട്ടടുത്തുള്ള കുളവും സ്ത്രീ പ്രവേശന നിരോധിത മേഖലയാണ്. വിഷു മുതൽ ഏഴ് ദിവസം ഉത്സവം കൊണ്ടാടുന്ന ഇവിടെ സ്ത്രീകൾ പ്രവേശിക്കാനെ പാടില്ലെന്നാണ് ആചാരം.
പുരുഷൻമാർ തിരുമുറ്റത്ത് തെയ്യക്കോലങ്ങളെ തൊഴുമ്പോൾ സ്ത്രീകൾ മതിലിന് പുറത്ത് നിൽക്കണം. എന്നാൽ സ്ത്രീകൾക്ക് പ്രഖ്യാപിത വിലക്ക് ഇല്ലെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. വിഷ്ണുവിന്‍റെ മത്സ്യവതാരമാണ് പ്രതിഷ്ഠയെന്നും അതിനാൽ സ്ത്രീകൾ പ്രവശിക്കാറില്ലെന്നുമാണ് ഭാരവാഹികൾ പറയുന്നത്.
എന്തായാലും ഇനി സ്ത്രീകളാരെങ്കിലും പ്രവേശനം ആവശ്യപ്പെട്ട് വന്നാൽ തടയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു. സുപ്രിം കോടതി വിധിയുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് പുതിയ നിലപാട്. ഇവിടെ സ്ത്രീകളെ വിലക്കുന്നത് കാട്ടി ബിജെപി നേതാക്കൾ സിപിഎമ്മിനെതിരായ രാഷ്ട്രീയ ആയുധമാക്കി ഇതിനെ മാറ്റിയിരുന്നു.
