പമ്പ ഗണപതി കോവിലിൽ കെ പി ശശികലയുടെ നേതൃത്വത്തിൽ പ്രതിഷേധം. സന്നിധാനത്തേക്ക് യുവതികളെ കടത്തി വിടില്ലെന്ന് പൊലീസ് ഉറപ്പ് നൽകണെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
പമ്പ: ശബരിമല ദര്‍ശനത്തിനായി യുവതി എത്തിയതറിഞ്ഞ് പമ്പാ ഗണപതി കോവിലിനു സമീപത്തെ നടപ്പന്തലില്‍ നാമജപ പ്രതിഷേധം. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സന്നിധാനത്തേക്ക് യുവതികളെ കടത്തി വിടില്ലെന്ന് പൊലീസ് ഉറപ്പ് നൽകണെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇവരുമായി പൊലീസ് ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും വഴങ്ങിയിട്ടില്ല.
ചേര്‍ത്തല സ്വദേശിനിയായ അഞ്ജുവാണ് ദര്‍ശനത്തിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് പമ്പയിലെത്തിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് ഇവര്‍ ദര്‍ശനത്തിനെത്തിയത്. യുവതിയുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യുവതിയുമായി ചര്‍ച്ച നടത്തുകയാണ്. പൊലീസ് കണ്‍ട്രോള്‍ റൂമിനു മുന്നില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. സന്നിധാനത്തെ സാഹചര്യം യുവതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസ് അറിയിച്ചു.
ഇതിനിടെ, ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് നട തുറന്ന് വിളക്ക് തെളിയിച്ചു. ഇന്നു രാത്രി പത്തുവരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് നട തുറന്ന് രാത്രി പത്തരയ്ക്ക് നട അടയ്ക്കും. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നിരോധനാജ്ഞയ്ക്കിടെയാണ് നട തുറന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
