കന്നിമാസ പൂജയ്ക്കായി ഈ മാസം 16ന് നട തുറക്കും മുമ്പ് ഭക്തര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന ജോലികള്‍ അന്തിമ ഘട്ടത്തിലാണ്.
പത്തനംതിട്ട: പ്രളയത്തില്‍ തകര്‍ന്ന പമ്പാ തീരത്ത് 60 ദിവസത്തിനകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ടാറ്റ കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാകും നിര്‍മാണം. കന്നിമാസ പൂജയ്ക്ക് നട തുറക്കും മുമ്പ് തീര്‍ത്ഥാടകര്‍ക്കായി അഞ്ഞൂറോളം ബയോ ടോയ്‍ലറ്റുകള്‍ സ്ഥാപിക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
കന്നിമാസ പൂജയ്ക്കായി ഈ മാസം 16ന് നട തുറക്കും മുമ്പ് ഭക്തര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന ജോലികള്‍ അന്തിമ ഘട്ടത്തിലാണ്. ഇതിനു ശേഷം രണ്ടു രീതിയിലുളള പുനര്‍ നിര്‍മാണമാണ് ദേവസ്വം ബോര്‍ഡ് ആസൂത്രണം ചെയ്യുന്നത്. അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുക, കെട്ടിടങ്ങളുടെ ബലപരിശോധന നടത്തി ദുര്‍ബലമായവ നീക്കം ചെയ്യുക, ഇടിഞ്ഞുവീണ പമ്പാ തീരത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കുക, താല്‍ക്കാലിക നടപ്പന്തല്‍ നിര്‍മിക്കുക തുടങ്ങിയ കാര്യങ്ങള്‍ 60 ദിവസത്തിനകം പൂര്‍ത്തിയാക്കും.
തുലാവര്‍ഷം കൂടി മുന്‍കൂട്ടി കണ്ടാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ സഹായത്തോടെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നത്. നിലയ്ക്കലില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കി പമ്പയിലെ തിരക്ക് കുറയ്ക്കാനുളള പദ്ധതിയാണ് രണ്ടാം ഘട്ടം. കോണ്‍ക്രീറ്റ് നിര്‍മാണം ഒഴിവാക്കി താല്‍ക്കാലിക താമസ സൗകര്യം ഇവിടെ ഒരുക്കും. ആയിരത്തോളം ടോയ്‍ലറ്റുകളും ഇവിടെ സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ അറ്റകുറ്റപ്പണികള്‍ക്കുളള തുക ദേവസ്വം ബോര്‍ഡ് തന്നെ ചെലവിടും. പന്പ ഹില്‍ടോപില്‍ നിന്ന് ഗണപതി ക്ഷേത്രം വരെ നടപ്പാലം നിര്മിക്കാനും ബോര്‍ഡിന് പദ്ധതിയുണ്ട്.
