ലോകത്തെ ഞെട്ടിച്ച പാനമ രേഖകള്‍ ഓണ്‍ലൈനില്‍. പുറത്തുവന്നത് രണ്ട് ലക്ഷത്തോളം വരുന്ന വ്യാജകമ്പനികളെ സംബന്ധിച്ച വിവരങ്ങള്‍. നികുതി വെട്ടിപ്പിനായി വമ്പന്‍മാര്‍ നടത്തിയ നീക്കങ്ങളുടെ വിവരങ്ങള്‍ ഇനി ലോകത്തിലാര്‍ക്കും നേരിട്ട് പരിശോധിക്കാം.

മൊസാക് ഫൊന്‍സേക കമ്പനിയില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ വിവരങ്ങള്‍ പരിശോധിച്ച് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന അന്വേണാത്മക മാധ്യമപ്രവര്‍ത്തകരുടെ അന്താരാഷ്‌ട്ര സമിതിയാണ് രേഖകള്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത് . offshoreleaks.icij.org എന്ന വെബ്സൈറ്റില്‍ കയറിയാല്‍ ആര്‍ക്കും വിവരങ്ങള്‍ പരിശോധിക്കാം. ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യരേഖകളുടെ ഓണ്‍ലൈന്‍ ശേഖരമായിരിക്കുകയാണ് വൈബ്സൈറ്റ്. 2.6 ടെറാബൈറ്റ് വിവരങ്ങളാണ് യഥാര്‍ത്ഥത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ സമിതിക്ക് ചോര്‍ന്നു കിട്ടിയത്. ആ വിവരങ്ങളിലൂടെ 100 കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ ഒരു വര്‍ഷത്തിലധികം നടത്തിയ അന്വേഷണമാണ് നികുതി വെട്ടിപ്പിന്റെ അന്താരാഷ്‌ട്ര ഭീകരതയെ പുറത്തുകൊണ്ടുവന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുച്ചിന്‍, ബ്രീട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി, നടന്‍ ജാക്കിച്ചാന്‍ തുടങ്ങിയ അന്താരാഷ്‌ട്ര വ്യക്തിത്വങ്ങള്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള അമിതാബ് ബച്ചന്‍ , മരുമകള്‍ ഐശ്വര്യ റായ് തുടങ്ങി ചില മലയാളികള്‍ വരെ പാനമ രേഖകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ടാക്‌സ് ഹെവന്‍സ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് വിര്‍ജിന്‍ , പാനമ, ബഹാമാസ് , സീ ഷെല്‍സ് , സമോവ തുടങ്ങി 20 ഓളം ചെറു രാജ്യങ്ങളില്‍ ഇല്ലാത്ത കമ്പനികള്‍ തുടങ്ങിയാണ് നികുതി വെട്ടിപ്പ് നടത്തിയത്. ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഇ മെയില്‍ ഇടപാടുകള്‍ , ഫോണ്‍ നന്പറുകള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.