ദില്ലി: വിദേശത്ത് കള്ളപ്പണനിക്ഷേപമുള്ള വിജയ് മല്യ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ വെളിപ്പെടുത്താത്ത വരുമാനം 500 കോടി രൂപയോളം വരുമെന്ന് കേന്ദ്രപ്രത്യക്ഷനികുതി ബോര്‍ഡ്. ഇതിനിടെ, പാനമ രേഖകളില്‍ മലയാളിയായ തോമസ് മാത്യു എന്നയാളുടെ പേരുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പാനമ ആസ്ഥാനമായ വിവാദ നിയമസ്ഥാപനം മൊസ്സാക് ഫൊന്‍സേക വഴി ബോളിവുഡ് താരം അജയ് ദേവ്!ഗണ്‍ ഇടപാട് നടത്തിയതായും രേഖകളുണ്ട്.
വിദേശത്ത് കള്ളപ്പണനിക്ഷേപമുള്ള 546 ഇന്ത്യക്കാരുടെ പട്ടികയാണ് കേന്ദ്രപ്രത്യക്ഷബോര്‍ഡിന്‍റെ പക്കലുള്ളത്. ഇതില്‍ 434 പേര്‍ ഇന്ത്യയിലുള്ളവരാണെന്നും ബോര്‍ഡ് രാജ്യസഭാസെക്രട്ടറിയേറ്റില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. കിങ്ഫിഷര്‍ ഉടമ വിജയ് മല്യ ഉള്‍പ്പടെയുള്ളവരുടെ വെളിപ്പെടുത്താത്ത വരുമാനം 500 കോടി രൂപയോളം വരുമെന്നാണ് പ്രത്യക്ഷനികുതി ബോര്‍ഡിന്‍റെ പ്രാഥമികപരിശോധനയില്‍ തെളിഞ്ഞത്.
ഇവരുടെ സ്വത്തുവകകള്‍ സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു. അതേസമയം, പാനമ രേഖകളിലുള്‍പ്പെട്ട ഒരു മലയാളിയുടെ പേര് കൂടി പുറത്തുവന്നു. ആലപ്പുഴ സ്വദേശിയായ തോമസ് പീടിയാക്കല്‍ പറമ്പില്‍ മാത്യു എന്നയാള്‍ ബഹാമസ് ആസ്ഥാനമായി പാംകൈന്‍ഡ് ലിമിറ്റഡ് എന്ന കപ്പല്‍ കമ്പനി സ്ഥാപിച്ചതായാണ് രേഖകള്‍.
ഗുജറാത്ത് സ്വദേശിയായ പീര്‍വാണി അബ്ദുള്‍ ഖാദര്‍ കസംഭായ് എന്നയാളുമായി ചേര്‍ന്നാണ് ഈ കമ്പനി സ്ഥാപിച്ചത്. തുടങ്ങി രണ്ട് വര്‍ഷത്തിനകം കമ്പനി ലാഭകരമല്ലെന്ന് കണ്ട് പിരിച്ചുവിട്ടതായാണ് കസംഭായിയുടെ വിശദീകരണം.
ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ പേരും പാനമ രേഖകളിലുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ ആസ്ഥാനമായി മാര്‍ലിബോണ്‍ എന്‍റര്‍ടെയ്മെന്‍റ് എന്ന വിനോദക്കമ്പനി ദേവ്ഗണ്‍ വാങ്ങിയത് വിവാദ നിയമസ്ഥാപനമായ മൊസ്സാക് ഫൊന്‍സേക വഴിയാണെന്നാണ് രേഖകള്‍ തെളിയിയ്ക്കുന്നത്.
എന്നാല്‍ നിയമവിരുദ്ധമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നും വിദേശത്ത് ഇന്ത്യന്‍ സിനിമകളുടെ വിപണനത്തിനായി കമ്പനി തുടങ്ങിയ വിവരം റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ടെന്നും അജയ് ദേവ്ഗണിന്റെ ഓഫീസ് പ്രതികരിച്ചു.
