മൈസൂര്‍: ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുചീകരണത്തൊഴിലാളിയെ മാന്‍ഹോളിലിറക്കി. കര്‍ണാടകത്തിലെ മൈസൂരുവിലാണ് യാതൊരു സുരക്ഷാമുന്‍കരുതലുമില്ലാതെ ശുചീകരണത്തൊഴിലാളിക്ക് മാന്‍ഹോളിലിറങ്ങേണ്ടിവന്നത്. മൈസൂരുവിലെ ചാമുണ്ഡിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീതയുടെ വീടിന് മുന്നിലെ മാന്‍ഹോളിലാണ് ശുചീകരണത്തൊഴിലാളിയായ ഗണേഷ് ഇറങ്ങിനില്‍ക്കുന്നത്.

ഭൂഗര്‍ഭ ഓവുചാലില്‍ തടസ്സം നീക്കാന്‍ ഗണേഷിനോട് സ്ഥലത്തെത്താന്‍ ആവശ്യപ്പെടുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. വൃത്തിയാക്കാന്‍ മാന്‍ഹോളിലിറങ്ങാന്‍ നിര്‍ബന്ധിച്ചു. യന്ത്രം ഉപയോഗിച്ച് മാത്രമേ വൃത്തിയാക്കുകയുളളു എന്ന് ഗണേഷ് പറഞ്ഞു.കരാര്‍ ജീവനക്കാരനായ ഗണേഷിന്റെ ജോലി തെറിപ്പിക്കുമെന്ന് പിന്നീട് പ്രസിഡന്റിന്റെ ഭീഷണി.ആകെയുളള വരുമാനം ഇല്ലാതാകുമെന്ന പേടിയില്‍ മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന വെളളത്തില്‍ ഗണേഷ് മുങ്ങിനിവര്‍ന്നു.

ഒരു ശുചീകരണത്തൊഴിലാളി മാത്രമായിരുന്നു സഹായത്തിന്.സംഭവം നടന്നത് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്വന്തം ജില്ലയും രാജ്യത്തെ ശുചിത്വനഗരമായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത മൈസൂരുവിലും.മാന്‍ഹോള്‍ ദുരന്തങ്ങള്‍ ഏറിയതിനെത്തുടര്‍ന്ന് സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ടവര്‍ തന്നെ ലംഘിക്കുന്നതും മൈസൂരുവില്‍ കണ്ടു.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എട്ട് പേരാണ് ബെംഗളൂരുവില്‍ മാത്രം മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ചത്.മൈസൂരു സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.