അയ്യപ്പൻ നിത്യബ്രഹ്മചാരിയാണ് ആ വിശ്വാസത്തിന് അനുസരിച്ചാണ് ശബരിമലയിലെ ആചാരങ്ങൾ. അല്ലാതെ പ്രായം, ആർത്തവം തുടങ്ങിയവയുടെ പേരിലല്ല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നത്.
പന്തളം: ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ പ്രവേശിക്കുന്നതിനെ എതിർത്ത് പന്തളം രാജകുടുംബം. സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന സർക്കാർ നിലപാടിൽ ദുഖമുണ്ടെന്ന് രാജകുടുംബാംഗങ്ങൾ പറഞ്ഞു.
ഇൗ വിഷയത്തിൽ സർക്കാരിന്റേതോ രാഷ്ട്രീയ പാർട്ടികളുടേയോ അഭിപ്രായമല്ല ദേവസ്വം ബോർഡിന്റേയും തന്ത്രിയുടേയും പന്തളം കൊട്ടാരത്തിന്റേയും നിലപാടാണ് പരിഗണിക്കേണ്ടത്. ഇവർക്കെല്ലാം ഇൗ വിഷയത്തിൽ സ്ത്രീപ്രവേശന വിഷയത്തിൽ ഒരേ നിലപാടാണുള്ളതെന്നും പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് ശശികുമാർ വർമ്മ പറഞ്ഞു.
ആചാരം കണക്കിലെടുത്താണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ തങ്ങൾ എതിർക്കുന്നത്. അയ്യപ്പൻ നിത്യബ്രഹ്മചാരിയാണ്. അതിനാൽ തന്നെ ശബരിമലയിലെ ആചാരങ്ങളും ആ വിശ്വാസത്തെ പിൻപ്പറ്റിയുള്ളതാണ്. അല്ലാതെ പ്രായം, ആർത്തവം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചല്ല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നതെന്നും രാജകുടുംബം വിശദീകരിക്കുന്നു.
