സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചതില്‍ പങ്കില്ലെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി. ആക്രമണത്തിന് പിന്നാലെ തന്ത്രി കുടുംബത്തിനും കൊട്ടാരത്തിനുമെതിരെ സന്ദീപാനന്ദഗിരി രംഗത്തെത്തിയിരുന്നു.  

പന്തളം: സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചതില്‍ പങ്കില്ലെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി. ആക്രമണത്തിന് പിന്നാലെ തന്ത്രി കുടുംബത്തിനും കൊട്ടാരത്തിനുമെതിരെ സന്ദീപാനന്ദഗിരി രംഗത്തെത്തിയിരുന്നു.

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ഇന്നുപുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. അക്രമി സംഘം രണ്ടുകാറുകളും ബൈക്കും തീയിട്ട് നശിപ്പിക്കുകയായിരുന്നു. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്. ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചാണ് ആക്രമികള്‍ മടങ്ങിയത്.

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്കെതിരെ ഭീഷണി ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും രാഹുല്‍ ഈശ്വറുമാണെന്നും മറുപടി പറയിപ്പിക്കുമെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു. പന്തളം രാജകുടുംബത്തിനും ബിജെപിക്കും രാഹുല്‍ ഈശ്വറിനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മറാനാകില്ല. നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാം. ഭയപ്പെടുന്നില്ലെന്നും സ്വാമി പറഞ്ഞു.