ചെന്നൈ: നിയുക്ത തമിഴ്‍നാട് മുഖ്യമന്ത്രി ശശികല നടരാജനെതിരെ രാജിവച്ച മുഖ്യമന്ത്രിയും മുതിര്‍ന്ന എഐഎഡിഎംകെ നേതാവുമായ ഒ പനീര്‍ശെല്‍വം വീണ്ടും രംഗത്ത്. കഴിഞ്ഞ ദിവസത്തെ തന്‍റെ വെളിപ്പെടുത്തലുകള്‍ ഉത്തമബോധ്യത്തോടെയാണെന്നും ശശികലയ്ക്ക് അധികാരത്തോട് ആർത്തിയാണെന്നും പനീര്‍ശെല്‍വം ഇന്നും തുറന്നടിച്ചു .മുഖ്യമന്ത്രിയാകാൻ ശശികല അസാധാരണ തിടുക്കം കാണിക്കുന്നു. താൻ മറ്റൊരു പാർട്ടിയിലും ചേരുന്നില്ല. ജയലളിതയുടെ മരണത്തെക്കുറിച്ച് ഊഹാപോഹങ്ങൾക്കില്ലെന്നും അതേക്കുറിച്ച് പറയേണ്ടത് ഡോക്ടർമാരാണ്. അവസാനകാലത്ത് ജയലളിതയെ കാണുന്നതിൽ നിന്ന് തന്നെ വിലക്കിയിരുന്നുവെന്നും പനീര്‍ ശെല്‍വം ആരോപിച്ചു.

ചൊവ്വാഴ്ച രാത്രിയിലാണ് പനീര്‍ശെല്‍വം ആദ്യം ശശികലയ്ക്കെതിരെ രംഗത്തെത്തിയത്. രാത്രി 10 മണിയോടെ ജയലളിതയുടെ സമാധിയിലെത്തിയ പനീർശെൽവം 40 മിനിറ്റോളം ധ്യാനത്തിലിരുന്ന ശേഷം അദ്ദേഹം അമ്മയുടെ ആത്മാവ് തന്നോട് സംസാരിച്ചെന്നും ചില സത്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും പറഞ്ഞു. തന്നെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും നിർബന്ധിച്ച് രാജി വയ്പ്പിച്ചതാണ്. എം എൽ എ മാരുടെ യോഗം വിളിച്ചതു പോലും താനറിഞ്ഞില്ല. മുഖ്യമന്ത്രിയാക്കി തന്നെ അപഹാസ്യനാക്കി. മന്ത്രിസഭയിലുള്ളവർ തന്നെ അപമാനിച്ചു. ഇത് ശരിയാണോ? എന്തിനാണ് എന്നെ ഇങ്ങനെ അപമാനിക്കുന്നതെന്നും പനീർശെൽവം ചോദിച്ചിരുന്നു.

പുതിയ വെളിപ്പെടുത്തലുകളോടെ തമിഴ്‍നാട് രാഷ്ട്രീയം കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ്. അണ്ണാ ഡിഎംകെ എംഎൽഎമാരുടെ യോഗം അല്‍പസമയത്തിനകം നടക്കുന്നുണ്ട് . യോഗത്തിൽ ശശികലയെ പിന്തുണച്ച് പ്രമേയം പാസ്സാക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി ശശികല ഗവർണ്ണർക്ക് കത്ത് നൽകിയേക്കും .