ചെന്നൈ: കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം കുറവത്തൂരിലേക്ക് തിരിച്ചു. കുറവത്തൂരിലെ റിസോര്‍ട്ടിലാണ് ശശികല പക്ഷത്തുള്ള എംഎല്‍എമാര്‍ ഉള്ളത്. ഇവരെ കാണുവാന്‍ ആണ് പനീര്‍ശെല്‍വം പോകുന്നത്. ശശികലയ്ക്ക് എതിരെ സുപ്രീംകോടതി വിധി വന്ന സ്ഥിതിയില്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ പനീര്‍ശെല്‍വം ഇവരുടെ പിന്തുണ തേടും.
അതിനിടെ അനധികൃത സ്വത്തു സന്പാദന കേസിൽ വി.കെ. ശശികലയ്ക്കെതിരേ സുപ്രീം കോടതി വിധി വന്നതിനെ തുടർന്ന് എഡിഎംകെ നിയമസഭാ കക്ഷി നേതാവായി എടപ്പാടി പളനി സ്വാമിയെ തെരഞ്ഞെടുത്തു. പനീർശെൽവത്തെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായും ശശികല അറിയിച്ചു.
സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണറെ ഉടൻ കാണുമെന്നും പളനി സ്വാമി മാധ്യമങ്ങളോട് പറഞ്ഞു. പൊതുമരാമത്ത് ഹൈവേ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് എടപ്പാടി പളനി സ്വാമി.
എന്നാല്‍ ഇത്തരത്തില്‍ തന്നെ പുറത്താക്കുവാന്‍ സാധിക്കില്ലെന്നാണ് പനീര്‍ശെല്‍വത്തിന്‍റെ നിലപാട്. ശശികല ക്യാമ്പിന്‍റെ നീക്കങ്ങള്‍ വേഗത്തില്‍ ആയതോടെ എതിര്‍നീക്കങ്ങള്‍ വേഗത്തില്‍ ആക്കുന്നതിന്‍റെ ഭാഗമായാണ് കുറവത്തൂരിലേക്ക് പനീര്‍ശെല്‍വം പോകുന്നത്.
