ചെന്നൈ: പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി ഒ.പനീർശെൽവം ഇന്ന് തമിഴ്നാട് സെക്രട്ടറിയേറ്റിലെത്തും. ഇന്ന് സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തുമെന്ന് പനീർശെൽവം ഞായറാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും ഇന്ന് ഓഫീസിലെത്തും. കഴിഞ്ഞ ദിവസം ശശികല ക്യാന്പ് വിട്ട് പനീർശെൽവത്തിന് പിന്തുണ പ്രഖ്യാപിച്ച മന്ത്രിയാണ് പാണ്ഡ്യരാജൻ.
അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ ശശികല മുതലക്കണ്ണീർ നിർത്തി എംഎൽഎമാരെ സ്വതന്ത്രരാക്കണമെന്ന് പനീർശെൽവം ആവശ്യപ്പെട്ടു. മഹാബലിപുരത്തെ റിസോർട്ടിൽ ശശികല എംഎൽഎമാരെ പീഡിപ്പിക്കുകയാണെന്നും പനീർശെൽവം ആരോപിച്ചു. ഇന്നും ചില എംഎൽഎമാർ തന്നെ ബന്ധപ്പെട്ടു. ഓരോരുത്തർക്കും ചുറ്റും കാവലായി നാലു ഗുണ്ടകളാണ് നിലയുറപ്പിച്ചിരിക്കുന്നത്.
ഫെബ്രുവരി ഏഴിന് ശശികലയ്ക്കെതിരേ പരസ്യമായി രംഗത്തുവന്നതിന് ശേഷം പനീർശെൽവം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നില്ല. ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിനായി പാർട്ടി തീരുമാനമെടുത്തതിന് പിന്നാലെ അദ്ദേഹം ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നു. തുടർന്ന് വൈകിട്ട് മറീന ബീച്ചിലെ ജയയുടെ ശവകുടീരത്തിന് അടുത്തെത്തി ധ്യാനിച്ച ശേഷം തന്നെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ശശികല നിർബന്ധിപ്പിച്ച രാജിവയ്പ്പിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.
തുടർന്ന് ഒരാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കാണ് തമിഴ്നാട് സാക്ഷ്യം വഹിച്ചത്. അണികൾ ഭൂരിഭാഗവും പനീർശെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ എംഎൽഎമാരിൽ പ്രബലവിഭാഗം ശശികലയ്ക്കൊപ്പം നിന്നു. എന്നാൽ ദിവസം കഴിയുംതോറും ശശികല ക്യാന്പിൽ നിന്നും നേതാക്കൾ കൊഴിഞ്ഞുകൊണ്ടിരുന്നു. എംപിമാരും മന്ത്രിമാരും ശശികല ക്യാന്പ് വിട്ട് പനീർശെൽവത്തിന് ഒപ്പം ചേർന്നു. രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പനീർശെൽവം വീണ്ടുമെത്തുന്നത്.
