യുവതികള്‍ ചന്ദ്രാനന്ദൻ റോഡ് പകുതി പിന്നിട്ടപ്പോള്‍ നിലപാട് മാറാതെ പന്തളം കുടുംബം. ആചാര ലംഘനം പാടില്ലെന്ന് വീണ്ടും പന്തളം കുടുംബം അറിയിച്ചു. ഇന്നലെ വൈകീട്ട് പന്തളം പ്രതിനിധി തന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. 

പത്തനംതിട്ട: യുവതികള്‍ ചന്ദ്രാനന്ദൻ റോഡ് പകുതി പിന്നിട്ടപ്പോള്‍ നിലപാട് മാറാതെ പന്തളം കുടുംബം. യുവതികള്‍ സന്നിധാനത്ത് കയറിയാല്‍ നടയടക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ആചാര ലംഘനം പാടില്ലെന്ന് വീണ്ടും പന്തളം കുടുംബം അറിയിച്ചു. ഇന്നലെ വൈകീട്ട് പന്തളം പ്രതിനിധി തന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇന്ന് രാവിലെ ദൂതന്മാർ വഴി നിലപാട് വീണ്ടും അറിയിച്ചതായി പന്തളം കുടുംബ പ്രതിനിധി ശശി കുമാര വര്‍മ്മ പറഞ്ഞു. 

എന്നാല്‍ ഇന്ന് ശബരിമലയില്‍ അരങ്ങേറുന്ന പ്രതിഷേധങ്ങളോടൊ യുവതികളുടെ പ്രവേശനത്തെ കുറിച്ചോ പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു. ഇതിനിടെ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകും വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നും തങ്ങള്‍ അയ്യപ്പ ദര്‍ശനം നടത്തിയ ശേഷമേ തിരിച്ചു പോകുകയുള്ളൂവെന്നും ബിന്ദുവും കനകദുര്‍ഗയും മാധ്യമങ്ങളോട് പറഞ്ഞു. 

ഇതിനിടെ ബിന്ദുവിന്‍റെ കൊയിലാണ്ടിയിലെ വീടിന് മുന്നിലും കനകദുര്‍ഗ്ഗയുടെയുടെ വീടിന് മുന്നിലും ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ നാമജപം നടക്കുകയാണ്. ഇതേ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ബിന്ദുവിനെ അറിയിച്ചപ്പോള്‍ വളരെ ദൗര്‍ഭാഗ്യകരം എന്നായിരുന്നു അവരുടെ പ്രതികരണം. 

കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ബിന്ദുവും കനകദുര്‍ഗ്ഗയും. 42 ഉം 44 ഉം വയസുള്ള യുവതികളാണ് ഇവര്‍. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികളായതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. എന്നാല്‍ ഇവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുകയാണെന്നും ശബരിമലയില്‍ പ്രശ്നങ്ങളില്ലാതെ നോക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.