ഇടുക്കി: മൂന്നാറിലെ കയ്യേറ്റഭൂമിയായ പാപ്പാത്തിച്ചോലയില്‍ പോലീസിന്റെ സ്ഥിരം കാവല്‍ ഏര്‍പ്പെടുത്തി. ഒരു എഎസ്‌ഐ അടക്കം പത്ത് പോലീസുകാരെയാണ് കാവലിന് നിയോഗിച്ചിട്ടുള്ളത്. ദേവികുളം എഎസ്‌ഐയുടെ നേതൃത്വത്തിലാണ് പോലീസുകാരെ നിയോഗിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നാണു നടപടി. കയ്യേറിയ സ്ഥലത്ത് സര്‍ക്കാര്‍ ഭൂമി എന്ന ബോര്‍ഡും സ്ഥാപിക്കും.

കഴിഞ്ഞ ദിവസം കുരിശ് പൊളിച്ച് നീക്കിയ സ്ഥലത്ത് വീണ്ടും മരക്കുരിശ് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ രാത്രിയോടെ കുരിശ് കാണാതായി. പോലീസ് അന്വേഷണത്തില്‍ സംശയാസ്പദകരമായ സാഹചര്യത്തില്‍ രണ്ട് സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിരുന്നു. കല്‍പ്പറ്റ സ്വദേശി രാജുവും, രാജകുമാരി സ്വദേശി സെബാസ്റ്റ്യനുമാണ് പൊലീസിന്റെ പിടിയിലായത്. 

ഇന്നുപുലര്‍ച്ചെ ശാന്തന്‍പാറ പൊലീസാണ് ഇവരെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച സ്പിരിറ്റ് ഇന്‍ ജീസസ് ചെയര്‍മാന്‍ ടോം സക്കറിയയുടെ ഉടമസ്ഥതയിലുളള പിക്കപ്പ് വാനും പോലീസ് കസ്റ്റഡിയിലെടുത്തു. വീണ്ടും കയ്യേറ്റശ്രമമുണ്ടാവാതിരിക്കാനാണ് പോലീസ് കാവല്‍ ഏര്‍പ്പടുത്തിയിരിക്കുന്നതെന്ന് എസ്പി കെ.ബി. വേണുഗോപാല്‍ പറഞ്ഞു.