ബിജെപിയെ ഞെട്ടിച്ചാണ് കോണ്‍ഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കിയത്

ബംഗളൂരു: കോണ്‍ഗ്രസും ജെഡിഎസുമായി ചേര്‍ന്ന് രൂപം കൊടുത്ത സര്‍ക്കാര്‍ കര്‍ണാടകയില്‍ എന്തു സംഭവിച്ചാലും അഞ്ചു വര്‍ഷം തികയ്ക്കുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര. ഈ സഖ്യത്തെപ്പറ്റി പലര്‍ക്കും ആകാംക്ഷയുണ്ട്. എല്ലാവരോടും ഒരു കാര്യം മാത്രമേ പറയാനുള്ളൂ. എന്ത് സംഭവിച്ചാലും വിട്ടുവീഴ്ചകള്‍ ചെയ്താലും അഞ്ചു വര്‍ഷം ഈ സര്‍ക്കാര്‍ തികയ്ക്കും.

ബംഗളൂരു മെട്രോയും ഇന്‍ഫോസിസ് ഫൗണ്ടേഷനും തമ്മില്‍ ധാരണ പത്രം ഒപ്പിടുന്ന ചടങ്ങില്‍ മുഖ്യമന്ത്രി കുമാരസ്വാമിയെ അടുത്തിരുത്തിയാണ് കോണ്‍ഗ്രസ് നേതാവായ പരമേശ്വര ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഞങ്ങളുടെ സ്വാര്‍ഥത കൊണ്ടല്ല, ഒരു സഖ്യ സര്‍ക്കാര്‍ കര്‍ണാടകയില്‍ വന്നതെന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ട്. മികച്ച ഭരണമാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തിന് തന്നെ അഭിമാനകരമാകുന്ന വളര്‍ച്ച കര്‍ണാടകയ്ക്ക് ഉണ്ടാകണം. സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നിലെ കാരണം അതാണ്. മുഖ്യമന്ത്രിക്ക് കര്‍ണാടകയുടെയും ബംഗളൂരുവിന്‍റെയും വികസനം സംബന്ധിച്ച് ദീര്‍ഘവീക്ഷണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെയ് 23ന് അധികാരമേറ്റതിന് ശേഷം കര്‍ണാടക സര്‍ക്കാര്‍ കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെയാണ് പോകുന്നത്. രണ്ടു പാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കള്‍ സര്‍ക്കാരിന്‍റെ നിലനില്‍പ്പ് സംബന്ധിച്ച് സംശയങ്ങള്‍ ഉന്നിയിച്ചിരുന്നു.