പരവൂരില്‍ മത്സരക്കമ്പം നടന്നത് പൊലീസ് ഒത്താശയോടെ തന്നെയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. 
വെടിക്കെട്ട് നടന്ന കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പൊലീസ്-ക്ഷേത്രഭരണസമിതി അംഗങ്ങളുടെ സംയുക്തയോഗം ചേര്‍ന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ചാത്തന്നൂര്‍ എസിപിയും പരവൂര്‍ എസ്ഐയും സിഐയും അടക്കമുള്ള പൊലീസ് ഉദ്ദ്യോഗസ്ഥര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് കെട്ടിടത്തിലായിരുന്നു യോഗം നടന്നത്. വെടിക്കെട്ട് നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് കൈയ്യിലുണ്ടായിട്ടും വെടിക്കെട്ട് നടത്താന്‍ കൂട്ടുനില്‍ക്കുന്ന സമീപനമാണ് പൊലീസ് യോഗത്തില്‍ സ്വീകരിച്ചത്. വെടിക്കെട്ടിന്റെ തീവ്രത കുറയ്‌ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. മത്സരക്കമ്പം നടത്തുന്നെന്ന് മൈക്കിലൂടെ അനൌണ്‍സ് ചെയ്യരുതെന്നും പൊലീസ് ക്ഷേത്രം ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ മത്സരക്കമ്പം എന്ന് കാണിച്ച് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന ഫ്ളക്‌സ് ബോര്‍ഡുകള്‍ എടുത്ത് മാറ്റണമെന്നും പൊലീസ് ക്ഷേത്രം ഭാരവാഹികളോട് ആവശ്യപ്പെട്ടു.

യോഗത്തിന് ശേഷം കമ്പപ്പുരയില്‍ കടന്ന പരവൂര്‍ സിഐ വെടിക്കെട്ടിനുള്ള സാമഗ്രികള്‍ പരിശോധിച്ചു. കഴിഞ്ഞ വര്‍ഷം ഉപയോഗിച്ചത്ര വസ്തുക്കള്‍ മാത്രമേ ഇത്തവണയും ഉള്ളെന്ന് ക്ഷേത്രം ഭാരവാഹികള്‍ പൊലീസിനെ അറിയിച്ചെങ്കിലും സമീപത്തെ മറ്റൊരു ക്ഷേത്രത്തില്‍ കരുതിയിരുന്നതും ക്ഷേത്രത്തിന് സമീപം മൂന്ന് കാറുകളില്‍ സൂക്ഷിച്ചിരുന്ന വെടിക്കോപ്പുകളുടെയും വിവരം പൊലീസില്‍ നിന്ന് മറച്ചുവെച്ചു. കമ്പം നടത്തിയത് പൊലീസിന്റെ ഒത്താശയോടെയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഉടന്‍ തന്നെ ഉദ്ദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍, പരവൂര്‍ സിഐ, പരവൂര്‍ എസ്ഐഎന്നിവരുടെ മൊഴി ഉടനെടുക്കും. അതേസമയം കളക്ടറുടേയും എഡിഎമ്മിന്‍റെയും മൊഴി രേഖപ്പെടുത്തുന്നത് വൈകും. ഇപ്പോള്‍ ഒളിവിലുള്ള കരാറുകാരന്‍ കൃഷ്ണന്‍ കുട്ടി ആശാനായി തെരച്ചില്‍ ഔര്‍ജ്ജിതമാക്കി. ഇയാളുടെ സഹോദരന്‍ ഇപ്പോള്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ഒളിവിലായിരിക്കെ കൃഷ്ണന്‍ കുട്ടി സഹോദരനെ വിളിച്ചിരുന്നെന്ന് ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.