പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റവരില്‍ നിന്നും ഈടാക്കിയ പണം സ്വകാര്യ ആശുപത്രികള്‍ തിരിച്ചുനല്‍കിത്തുടങ്ങി. സൗജന്യ ചികിത്സ നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് സ്വകാര്യ ആശുപത്രികള്‍ പണം വാങ്ങിയത് വിവാദമായിരുന്നു. രാജ്യം വെടിക്കെട്ട് അപകടത്തില്‍ തേങ്ങുമ്പോഴും കാശില്‍ കണ്ണുവച്ച സ്വകാര്യ ആശുപത്രികളുടെ നടപടിയാണ് വിവാദമായത്.ദുരന്തത്തിനിരയായവര്‍ക്ക് ഇഷ്ടമുള്ളിടത്ത് ചികിത്സിക്കാമെന്നും പണം സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ നല്‍കിയ ഉറപ്പ്.
ചികിത്സയ്ക്കായി വലിയ തുക കൊല്ലത്തെയും തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികള്‍ ഈടാക്കിയെന്ന് പരാതിയുയര്‍ന്നു. കാല്‍പാദങ്ങള്‍ പൊള്ളിയടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ പരവൂര്‍ സ്വദേശി ലാലുവില്‍ നിന്നും മുന്‍കൂറായി ഈടാക്കിയത് 70,000 രൂപ.സൗജന്യ ചികിത്സയെന്ന സര്‍ക്കാര്‍ നിര്‍ദേശം വരുന്നതിന് മുമ്പാണ് പണം വാങ്ങിയതെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
സ്വകാര്യ ആശുപത്രികളുടെ നടപടിക്കെതിരെ ചാത്തന്നൂര്‍ എം എല്‍ എ ജി എസ് ജയലാല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സംഭവം വിവാദമായതോടെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പരിക്കേറ്റവരില്‍ നിന്ന് വാങ്ങിയ തുക സ്വകാര്യ ആശുപത്രികള്‍ തിരിച്ചുനല്‍കുകയായിരുന്നു.സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുളളവര്‍ക്ക് സര്‍ക്കാര്‍ സഹായവും വിതരണം ചെയ്തു.
