ഹൈദരാബാദ്: ഇതര ജാതിക്കാരനെ വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് അടിച്ച് കൊന്നു. തെലങ്കാനയിലെ മഞ്ചീരിയൽ  ജില്ലയിലുള്ള കലമഡുഗു എന്ന ​ഗ്രമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. പിന്ദി അനുരാധ(20)യാണ് കൊല്ലപ്പെട്ടത്. അനുരാധയെ കൊലപ്പെടുത്തിയ ശേഷം ബന്ധുക്കൾ മൃതദേഹം കത്തിക്കുകയും ചിതാഭസ്‌മം അരുവിയിലൊഴുക്കുകയും ചെയ്തതായി പൊലിസ് അറിയിച്ചു.

കലമഡുഗു ​ഗ്രാമത്തിലെ തന്നെ അയ്യൊരു ലക്ഷ്മിരാജം എന്ന ലക്ഷ്മണി(26) നെയാണ് അനുരാധ പ്രണയിച്ച് വിവാഹം ചെയ്ത്. ഡിസംബർ 3ന് ഹൈദരാബാദിലേക്ക് ഒളിച്ചോടിയ ഇരുവരും ആര്യസമാജ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. ശേഷം ശനിയാഴ്ച ഇരുവരെയും പൊലീസ് സംരക്ഷണത്തിൽ ലക്ഷ്മണിന്റെ വീട്ടിൽ എത്തിച്ചു. എന്നാൽ ഇവിടെ എത്തിയ ബന്ധുക്കൾ ലക്ഷ്മണിനെ ക്രൂരമായി ആക്രമിച്ച ശേഷം അനുരാധയെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു.

വീട്ടിലേക്ക് കൊണ്ടുപോയ യുവതിയെ ബന്ധുക്കളും മാതാപിതാക്കളും ചേർന്ന്  നാട്ടുകാരുടെ മുന്നിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് അനുരാധയുടെ മൃതദേഹം നിര്‍മല്‍ ജില്ലയിലെ മല്ലാപൂരിലുള്ളൊരു കുന്നില്‍ കൊണ്ട് പോയി കത്തിച്ചു. ശേഷം ചാരം ഇന്ന് പുലര്‍ച്ചെ പ്രദേശത്തെ അരുവിയില്‍ ഒഴുക്കിയതായി പൊലിസ് പറയുന്നു.

സംഭവത്തെ തുടർന്ന് ലക്ഷ്മൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനുരാധയുടെ പിതാവ് സത്തണ്ണയെയും അമ്മ ലക്ഷ്മിയെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനുരാധ നെയ്ത്തുകാരുടെ വിഭാ​ഗത്തിൽപ്പെട്ട പദ്മശാലി എന്ന വിഭാ​ഗക്കാരിയും ലക്ഷ്മണ്‍ യാദവ വിഭാ​ഗക്കാരനുമായിരുന്നു. ഇരു ജാതികളും ഒ ബി സി വിഭാ​ഗത്തിൽപ്പെടുന്നവയാണ്.