എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ശിശുക്ഷേമ സമിതി പൊലീസിന് നിയമനടപടികളുമായി മുന്നോട്ട് പോകാം
കൊച്ചി: ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഇടപ്പള്ളി പള്ളിയിൽ ഉപേക്ഷിച്ച അച്ഛനും അമ്മയും കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു. മാതാപിതാക്കളുടെ നിലവിലെ സാഹചര്യം പരിശോധിച്ച ശേഷം കുട്ടിയെ വിട്ട് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു.
വടക്കാഞ്ചേരി സ്വദേശികളായ മാതാപിതാക്കൾ ബന്ധുക്കൾക്കൊപ്പമാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. ചെയ്ത പോയ തെറ്റിൽ പൂർണ്ണ പശ്ചാത്താപമെന്ന് അച്ഛനും അമ്മയും പ്രതികരിച്ചു. സംഭവത്തെ കുറിച്ച് ഓർക്കാൻ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
നാലാമതും കുഞ്ഞുണ്ടായതിലെ മാനഹാനിയും, സാമ്പത്തിക ബുദ്ധിമുട്ടും കാരണമാണ് പ്രസവിച്ച ദിവസം തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു നേരത്തെ ഇവര്‍ പറഞ്ഞിരുന്നത്. കുഞ്ഞിനെ അപകടാവസ്ഥയിൽ ഉപേക്ഷിച്ചെന്ന കേസിൽ റിമാന്‍റിലായിരുന്ന ഇവർ ജാമ്യം നേടിയ ശേഷമാണ് ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിക്കുന്നത്. ശിശുക്ഷേമ സമിതിയുടെ തീരുമാനം എന്തായാലും പൊലീസിന് നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നാണ് ഇവരുടെ നിലപാട്. പത്ത് ദിവസം പ്രായമായ കുഞ്ഞ് എറണാകുളം ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ ആരോഗ്യവതിയാണ്.
