കോളജില്‍ സഹപാഠിയായ യുവാവുമായി പ്രണയബന്ധത്തിലായ ഇരുപത്തിനാലുകാരിയായ മകളോട് ഈ ബന്ധം അവസാനിപ്പിക്കണമെന്ന് മാതാപിതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു
കോയമ്പത്തൂര്‍: മകള്‍ അന്യ ജാതിയില്‍പ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. ഇന്ന് തമിഴ്നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം. കോളജില്‍ സഹപാഠിയായ യുവാവുമായി പ്രണയബന്ധത്തിലായ ഇരുപത്തിനാലുകാരിയായ മകളോട് ഈ ബന്ധം അവസാനിപ്പിക്കണമെന്ന് മാതാപിതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം വെെകുന്നേരം കാമുകനൊപ്പം ജീവിക്കുകയാണെന്ന് അറിയിച്ച് മകള്‍ പോയി. ഇതോടെ മാനസികമായി തളര്‍ന്ന മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി ബന്ധുവിന് വിളിച്ച് താനും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കുകയാണെന്ന് പറഞ്ഞു.
ഇതോടെ മറ്റ് ബന്ധുക്കളുമായി ഉടന്‍ അവര്‍ വീട്ടിലെത്തിയപ്പോള്‍ ബോധമറ്റ നിലയില്‍ തറയില്‍ കിടക്കുന്ന ദമ്പതികളെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയില്‍ ഇരുവരും മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകളുടെ മൊബെെല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ വിവരം ഇതുവരെ അറിയിക്കാന്‍ സാധിച്ചിട്ടില്ല.
