കാലിഫോര്‍ണിയ: മക്കളെ വര്‍ഷങ്ങളോളം അതിക്രൂരമായി മര്‍ദ്ദിക്കുകയും കെട്ടിയിടുകയും മതിയായ ആഹാരം പോലും നല്‍കാതെ പട്ടിണിക്കിടുകയും ചെയ്ത ദമ്പതികള്‍ക്കെതിരെ ബാലപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് കേസെടുത്തു. ദിവസങ്ങള്‍ക്ക് മുമ്പ് ഇവരുടെ 13 മക്കളിലൊരാള്‍ രക്ഷപ്പെട്ടതോടെയാണ് ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറം ലോകമറിയുന്നത്. തെക്കന്‍ കാലിഫോര്‍ണിയയിലാണ് സംഭവം.
ഡേവിഡ് അലന്‍ ടര്‍പിനും ലൂയിസ് അന്ന ടര്‍പിനും 13 മക്കളാണുള്ളത്. ഇവരെയാണ് രക്ഷിതാക്കള്‍തന്നെ വര്‍ഷങ്ങളായി അതിക്രൂരമായ മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരകളാക്കി വരുന്നത്. സംഭവത്തില്‍ ദമ്പതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കേസുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കുട്ടിയെ നിര്‍ബന്ധിച്ചതുള്‍പ്പെടെയുള്ള വകുപ്പുകളും ഡേവിഡ് അലന്‍ ടര്‍പിന് മേല്‍ ചുമത്തിയിട്ടുണ്ട്.
2 മുതല്‍ 29 വയസ്സ് വരെയുള്ള 13 കുട്ടികളാണ് രക്ഷിതാക്കളുടെ ക്രൂരതയ്ക്ക് ഇരയായത്. പട്ടിണിയും മര്‍ദ്ദനവും സഹിക്കവയ്യാതെ കഴിഞ്ഞ രണ്ട് വര്‍ഷമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു 17 കാരി. വീട്ടില്‍നിന്ന് സഹോദരങ്ങളിലൊരാളുമായാണ് ഇവള്‍ പുറത്തുകടന്നത്. എന്നാല്‍ ഒപ്പം രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടി പേടിച്ച് തിരിച്ചു വന്നു.
പകല്‍ ഉറങ്ങാനും രാത്രികാലങ്ങളില്‍ ഉണര്‍ന്നിരിക്കാനും ദമ്പതികള്‍ കുട്ടികളെ നിര്‍ബന്ധിക്കുമായിരുന്നു. ചില കുട്ടികളുടെ കൈകള്‍ ചങ്ങലകൊണ്ട് കട്ടിലില്‍ ബന്ധിച്ചിരുന്നു. ഭക്ഷണം വാങ്ങിക്കൊണ്ടുവരുന്ന ദമ്പതികള്‍ എന്നാല്‍ ഇത് കുട്ടികള്‍ക്ക് നല്‍കാറില്ല. എന്നാല്‍ രണ്ട് വയസ്സുള്ള കുഞ്ഞിന് ഭക്ഷണം നല്‍കാറുണ്ടായിരുന്നു.
മതിയായ ഭക്ഷണംം ലഭിക്കാത്തതിനാല്‍ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് മൂലമുളള ഭാരക്കുറവ് അടക്കമുള്ള അസുഖങ്ങള്‍ ബാധിച്ചിട്ടുണ്ട്. 12 വയസ്സുള്ള കുഞ്ഞിന് വെറും ഏഴ് വയസ്സുള്ള കുഞ്ഞിന്റെ ഭാരം മാത്രമാണുള്ളത്. 29 വയസ്സുള്ള മകള്‍ക്ക് 82 പൗണ്ട് ഭാരമുണ്ട്. 17 വയസ്സുള്ള കുട്ടിയ്ക്ക് 10 വയസ്സിന്റെ വളര്‍ച്ചമാത്രമാണുള്ളത്. അതിക്രൂരമായ ശാരീരിക അതിക്രമങ്ങളാല്‍ ചിലരുടെ ഞെരമ്പുകള്‍ക്ക് സാരമായ ക്ഷതം സംഭവിച്ചിട്ടുണ്ട്.
കുട്ടികളെ അയല്‍വാസികളില്‍നിന്നുപോലും അകറ്റിയാണ് ഇവര്‍ വളര്‍ത്തിയിരുന്നത്. തങ്ങള്‍ക്ക് മറ്റുള്ളവരോട് സ്വന്തം പേര് വെളിപ്പെടുത്താന്‍ പോലും അവകാശമില്ലായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു.
