ഒന്നരമാസം മുന്‍പ് സൗദിയില്‍ വെച്ച് മരിച്ച മകന്റെ മൃതദേഹത്തിനായി ദമ്പതികളുടെ കാത്തിരിപ്പ്. നടപടികള്‍ പൂര്‍ത്തിയായില്ലെന്ന പേരിലാണ് തൊടുപുഴ സ്വദേശികളായ ഔസേപ്പച്ചനും ഭാര്യ മോളിക്കും മകന്‍ റ്റിന്‍സിന്റെ മൃതദേഹം വിട്ടുകിട്ടാത്തത്

ഒന്നര വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ ഡ്രൈവര്‍ ജോലിക്കു പോയ ഏകമകന്‍ അടുത്ത ഏപ്രിലില്‍ നാട്ടിലെത്തുന്നതും കാത്ത് ദിവസങ്ങള്‍ എണ്ണിക്കഴിയുമ്പോഴാണ് ദമ്പതികളെ തേടി ആ ദുരന്ത വാര്‍ത്ത എത്തുന്നത്. മുറിയിലെ എ.സിയില്‍ നിന്നുണ്ടായ വിഷവാതകം ശ്വസിച്ച് റ്റിന്‍സും സുഹൃത്തും മരിച്ചുവെന്നായിരുന്നു അറിയിപ്പ്. കഴിഞ്ഞ ആഗസ്റ്റ് 29ന് വിവരം കിട്ടിയതിന് പിന്നാലേ മകന്റെ മൃതദേഹം കാണാന്‍ അവസരമൊരുക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. പക്ഷെ മരണ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചില്ല, പോസ്‌റ്റുമോര്‍ട്ടം നടന്നില്ല തുടങ്ങി പല കാരണങ്ങളാണ് മറുപടിയായി കിട്ടുന്നത്.

റ്റിന്‍സിന്റെ മരണവാര്‍ത്തയറിഞ്ഞതു മുതല്‍ നാട്ടുകാരും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തെയും ഇന്ത്യന്‍ എംബസിയെയും എം.എല്‍.എ മുതലുള്ള ജനപ്രതിനിധികളെയും സമീപിച്ചിട്ടും ഇതുവരെ ഫലമുണ്ടായിട്ടില്ല. ഇത് മാതാപിതാക്കളെ കൂടുതല്‍ വിഷമിപ്പിക്കുന്നു. മകന്റെ ജോലി സ്ഥലത്തെ മലയാളി അസോസിയേഷനുമായി ബന്ധപ്പെടുമ്പോള്‍ നടപടികള്‍ വേഗത്തിലാക്കാമെന്ന്‌കിട്ടുന്ന മറുപടി മാത്രമാണ്‌ ഏക ആശ്വാസം. കണ്ണെത്താ ദൂരത്ത് യഥാര്‍ത്ഥത്തില്‍ എന്താണ്‌ നടക്കുന്നതെന്നറിയാതെ കുഴങ്ങുകയാണ്‌ മാതാപിതാക്കളും നാട്ടുകാരും.