അടിവാരം മുതല്‍ ലക്കിടി വരെ പാര്‍ക്കിങ് അനുവദിക്കില്ല

കോഴിക്കോട്: താമരശേരി-വയനാട് ചുരത്തിന്റെ സംരക്ഷത്തിനായി ഇതുവരെ ഇറക്കിയ ഉത്തരവുകളെല്ലാം ജൂണ്‍മാസം മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. ചുരത്തില്‍ അനുവദിക്കപ്പെട്ട സ്ഥലത്ത് നിശ്ചിത സമയങ്ങളില്‍ മാത്രമാണ് പാര്‍ക്കിങ് അനുവദിച്ചിരിക്കുന്നത്. വലിയ ചരക്ക് ലോറികള്‍ക്കും നിയന്ത്രണമുണ്ട്. എന്നാല്‍ ഇവയെല്ലാം വാഹനഡ്രൈവര്‍മാര്‍ തീര്‍ത്തും അവഗണിക്കുകയാണ്. 

പാര്‍ക്കിങും വലിയ ചരക്ക് വാഹനങ്ങള്‍ക്കുള്ള നിയന്ത്രണവും കഴിഞ്ഞ മാസം 25ന് മുമ്പ് നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ നിപ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ കഴിയാതെ പോകുകയായിരുന്നു. ടിപ്പര്‍ ലോറികളെ നിയന്ത്രിക്കണമെന്നുള്ള ആവശ്യം പല കോണില്‍ നിന്നുയര്‍ന്ന പശ്ചാത്തലത്തില്‍ ഇക്കാര്യവും പരിഗണിക്കും. 

കോഴിക്കോട്-വയനാട് ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 13ന് ചേര്‍ന്ന ചുരം വികസനസമിതി യോഗമാണ് നവംബര്‍ ഒന്നുമുതല്‍ ചുരത്തില്‍ വാഹനപാര്‍ക്കിങ് നിരോധിച്ച് ഉത്തരവിറക്കിയത്. ചുരം ഉള്‍പ്പെടുന്ന ദേശീയപാത 766ല്‍ അടിവാരം മുതല്‍ ലക്കിടി വരെയാണ് പാര്‍ക്കിങ് നിരോധിച്ചിരിക്കുന്നത്. എന്നാല്‍ ഇത്രയും ദൂരം ഇത് പ്രാവര്‍ത്തികമാക്കാന്‍ പറ്റുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുമുണ്ട്.

കഴിഞ്ഞ ഡിസംബര്‍ എട്ടിന് കോഴിക്കോട് ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് ചുരം റോഡില്‍ 25 ടണ്ണോ അതില്‍ കൂടുതലോ ഭാരമുള്ള വലിയ ചരക്കുവാഹനങ്ങളുടെ ഗതാഗതം നിരോധിച്ച് ഉത്തരവിറക്കിയത്. രാവിലെ എട്ടുമുതല്‍ പത്തരവരെയും വൈകുന്നേരം നാലുമുതല്‍ ആറുവരെയുമാണ് ടിപ്പര്‍ലോറികളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചുരത്തിന്റെ പല ഭാഗങ്ങളിലായി റോഡിനുള്ള വീതിക്കുറവും വാഹനത്തിരക്കും കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷാനടപടികള്‍ എടുക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.