കാസ്റ്റിങ് കൗച്ച്, പാര്‍ലമെന്‍റും മുക്തമല്ല: തുറന്നടിച്ച് രേണുക ചൗധരി
ദില്ലി: കാസ്റ്റിങ് കൗച്ച് സിനിമാ മേഖലയില് മാത്രമല്ലെന്ന് തുറന്നടിച്ച് കോണ്ഗ്രസ് നേതാവും മുന് കേന്ദ്രമന്ത്രിയുമായ രേണുക ചൗധരി. പാര്ലമെന്റും കാസ്റ്റിങ് കൗച്ചില് നിന്ന് വിമുക്തമല്ലെന്ന് രേണുക പറഞ്ഞു. എല്ലാവരും മീ റ്റുവിനൊപ്പം നില്ക്കേണ്ട സമയമാണിതെന്നും അവര് പറഞ്ഞു.
കാസ്റ്റിങ് കൗച്ച് സിനിമാ മേഖലയില് മാത്രമല്ല, അത് എല്ലാവിടങ്ങളിലും സംഭവിക്കുന്നുണ്ട് എന്നതാണ് സത്യം. മറ്റെല്ലാ തൊഴിലിടങ്ങളെയും പോലെ പാര്ലമെന്റും ഇതില് നിന്ന് വിമുക്തമാണെന്ന് കരുതരുത്. ഇന്ത്യ അവര്ക്കൊപ്പം നിന്ന് മീറ്റു എന്ന് പറയേണ്ട സമയമാണിത്.
കാസ്റ്റിങ് കൗച്ച് വിവാദത്തിനെതിരെ ബോളീവുഡ് കൊറിയോഗ്രാഫര് സരോജ് ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രേണുക ചൗധരി. കാസ്റ്റിങ് കൗച്ച് ചൂഷണല്ലെന്നും, സ്ത്രീകളുടെ സമ്മതത്തോടെയാണ് ഇത് നടക്കുന്നതെന്നും സരോജ് ഖാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലൈംഗിക ചൂഷണം നടക്കുന്നത് സിനിമയില് മാത്രമാണോ എന്നും അവര് ചോദിച്ചിരുന്നു. സിനിമയില് അവര്ക്ക് ജോലിയെങ്കിലും നല്കുന്നുണ്ട്. ഗവണ്മെന്റ് സ്ഥാപനങ്ങളില് വരെ ഇത് നടക്കുമ്പോള് സിനിമാ മേഖലയെ മാത്രം പ്രതിസ്ഥാനത്ത് നിര്ത്തുന്നത് എന്താണെന്നായിരുന്നു സരോജ് ഖാന്റെ ചോദ്യം. നിരവധി സിനിമകളില് നൃത്തസംവിധായികയായി പ്രവര്ത്തിച്ച ആളാണ് സരോജ് ഖാന്.
