ദില്ലി: അഗസ്റ്റാ വെസ്റ്റ്‌ലാൻഡ്ഇടപാടിൽ ഇടനിലക്കാരൻ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയാ ഗാന്ധിയുടെയും പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെയും പേര് പരാമർശിച്ചെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം രാജ്യസഭയെ പ്രക്ഷുബ്ധമാക്കി. പൊളിറ്റിക്കൽ സെക്രട്ടറിയുടെയും മറ്റൊരു വ്യക്തിയുടയും ഫോട്ടോ കാണിച്ചപ്പോൾ ഇടനിലക്കാരൻ ഇവർ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞുവെന്നായിരുന്നു സ്വാമിയുടെ ആരോപണം.
അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ചർച്ചയിൽ കോൺഗ്രസിനെതിരെ ബിജെപിയെ നയിച്ചത് സുബ്രഹ്മണ്യൻ സ്വാമിയായിരുന്നു. നാഷണൽ ഹെറാള്‍ഡ് കേസിൽ തന്നോട് തോറ്റതുപോലെ ഈ കേസിലും കോൺഗ്രസ് തോൽക്കുമെന്ന് സ്വാമി പറഞ്ഞു. മൻമോഹൻ സിംഗും എകെ ആന്റണിയും ഏതു സൂപ്പർ കാബിനറ്റിന്റെ നിർദ്ദേശം അംഗീകരിച്ചെന്ന് വ്യക്തമാക്കണം. രാഷ്ട്രീയ സെക്രട്ടറിക്കാണ് പണം നല്‍കിയതെന്ന് കോടതി വിധിയിൽ വ്യക്തമാണ്. ഡയറിയിൽ പറയുന്ന എപിയും പൊളിറ്റിക്കൽ സെക്രട്ടറിയും ആരെന്ന് എല്ലാവർക്കുമറിയാം എന്നു പറഞ്ഞ സ്വാമി പ്രസംഗത്തിന്റെ അവസാനം സോണിയാ ഗാന്ധിയുടെ പേര് പരാമർശിച്ചതൊടെ ബഹളമായി.
ഉപാദ്ധ്യക്ഷൻ പി ജെ കുര്യന്റെ നിർദ്ദേശപ്രകാരം സ്വാമി താൻ കൊണ്ടു വന്ന രേഖകൾ സാക്ഷ്യപ്പെടുത്തി നല്‍കി. സോണിയാ ഗാന്ധിയെ ഹെലികോപ്റ്റർ ഉപയോഗിക്കുന്നവരിൽ ഒരാളായി മാത്രം പരാമർശിക്കുന്ന ഒരു കടലാസ് ചൂണ്ടിക്കാട്ടി അനാവശ്യ ആരോപണം ഉന്നയിക്കുന്നു എന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ഇറ്റലിയിൽ വിധി പറഞ്ഞ ജഡ്ജി തന്നെ സോണിയാഗാന്ധിക്കെതിരെ തെളിവില്ലെന്ന് പറഞ്ഞതായും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
പരസ്പരം ചെളിവാരി എറിയുന്നതിനു പകരം സത്യം പുറത്തു കൊണ്ടു വരാൻ അന്വേഷണം സുപ്രീംകോടതി മേൽനോട്ടത്തിൽ ആക്കണമെന്ന് സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടു. ഇതിനിടെ പാർലമെന്റിൽ ചർച്ച തുടരുമ്പോൾ തന്നെ ഇന്ത്യൻ നേതാക്കൾക്ക് ആർക്കും ക്ലീൻചിറ്റ് നല്‍കിയിട്ടില്ലെന്ന പുതിയ പ്രസ്താവനയുമായി വിധി പറഞ്ഞ ഇറ്റാലിയൻ ഹൈക്കോടതി ജഡ്ജി രംഗത്തു വന്നത് കോൺഗ്രസിന് തിരിച്ചടിയായി. ഇടനിലക്കാരൻ ഹാഷ്ക് ചിലരുടെ പേരുകൾ എഴുതിയ ഡയറികുറിപ്പ് വ്യാജമല്ലെന്ന് ബോധ്യപ്പെട്ടെന്നും ജഡ്ജി ഒരു ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.
