ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആഗസ്റ്റ് 12 വരെ നടക്കും. ചരക്കു സേവന നികുതി ബില്‍ ഈ സമ്മേളന കാലയളവില്‍ പാസാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നു വെങ്കയ്യ നായിഡു പറഞ്ഞു. പുതിയ ദേശീയ ധാതു ഖനന നയത്തിനും മാളുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയുള്ള മാതൃകാ ബില്ലിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ മന്ത്രിസഭാ സമിതിയാണു വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആഗസ്റ്റ് 12 വരെ നടത്താന്‍ ശുപാര്‍ശ ചെയ്തത്. ബഹളത്തില്‍ മുങ്ങിയ ശീതകാല സമ്മേളനത്തിനു ശേഷം വര്‍ഷകാല സമ്മേളനത്തിലേക്ക് കടക്കുമ്പോള്‍ ജിഎസ്‌ടി അടക്കം മുടങ്ങിക്കിടക്കുന്ന പ്രധാന ബില്ലുകള്‍ പാസാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നു കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
ചരക്കു സേവന നികുതി ബില്‍, ഉപഭോക്തൃ സംരക്ഷണ ബില്‍ അടക്കം 50 ബില്ലുകളാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലുമായി കെട്ടികിടക്കുന്നത്. മാളുകള്‍ക്കും തീയറ്ററുകള്‍ക്കും വന്‍കിട ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ക്കും രാത്രിയും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുവാദം നല്‍കികൊണ്ടുള്ള മാതൃകാ ബില്ലിനും മന്ത്രിസഭാ അംഗീകാരം നല്‍കി.
ഖനന രംഗത്ത് സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതു ലക്ഷ്യമിട്ട് ദേശീയ ധാതു ഖനന നയത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പുതിയതായി 100 ധാതു ബ്ലോക്കുകളുടെ ലേലം ഉടന്‍ നടത്തും.
