ധനകാര്യവകുപ്പ് മന്ത്രിയും എണ്ണവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയുമായ അനസ് അല്‍ സാലെഹിനെ പാര്‍ലമെന്റില്‍ കുറ്റവിചാരണ ചെയ്യാന്‍ അപേക്ഷ നല്‍കുമെന്ന് എം.പിമാരായ അബ്ദുള്ള അല്‍ തുറൈജി, അലി അല്‍ ഖമീസ്, അഹമ്മദ് അല്‍ മുട്ടൈ എന്നിവര്‍ അറിയിച്ചത്. ഇന്ധന വില വര്‍ധന സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദേശീയ അസംബ്ലി സ്‌പീക്കര്‍ മര്‍സോഖ് അല്‍ ഘാനിം വിളിച്ചുചേര്‍ത്ത സര്‍ക്കാരിന്റെയും പാര്‍ലമെന്റ് അംഗങ്ങളുടെയും സംയുക്ത യോഗത്തിനുശേഷമാണ് എം.പിമാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. യോഗത്തില്‍ ഡ്രൈവിങ് ലൈസന്‍സുള്ള ഒരോ സ്വദേശികള്‍ക്കും പ്രതിമാസം 75 ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാലും, ഇന്ധനവില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തെ കര്‍ശനമായി നേരിടുമെന്നാണ് എം.പിമാര്‍ പ്രസ്താവനയില്‍ അറിയിച്ചത്.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതി തടയുന്നതിലും അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടതായി പരാതിയുണ്ട്. ഇന്ധനവില വര്‍ധിപ്പിക്കാനുള്ള ന്യായീകരണങ്ങളും വരും വര്‍ഷങ്ങളിലേക്കുള്ള പദ്ധതികളും വ്യക്തമാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഭാഗത്തുനിന്ന് യാതൊരു പ്രതികരണമുണ്ടായിട്ടില്ലെന്നും എംപിമാര്‍ ആരോപിച്ചു.
