ദുബായ്: മന്ത്രി ബന്ധുവിന്റെ വിവാദ നിയമനം പാര്‍ട്ടി അന്വേഷിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിവാദമായ നിയമനങ്ങളെല്ലാം പുനപരിശോധിക്കും. സമാന്തര ഗവണ്‍മെന്റായി പ്രവര്‍ത്തിക്കാനുള്ള സ്വാശ്രയ മനേജ്‌മെന്റ് നീക്കത്തെ സര്‍ക്കാര്‍ എതിര്‍ക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ദുബായില്‍ പറഞ്ഞു.

ഏത് പശ്ചാതലത്തിലാണ് മന്ത്രി ഇ പി ജയരാജന്റെ ബന്ധുവിന് ജോലി ലഭിച്ചതെന്നും ആരാണ് നിയമനം നടത്തിയതെന്നും പാര്‍ട്ടി അന്വേഷിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. നിയമനം റദ്ദാക്കിയത് തെറ്റുതിരുത്തികൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ആദ്യ നടപടിയാണ്. വിവാദമായ നിയമനങ്ങള്‍ ഈ മാസം 14ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

സമാന്തര ഗവണ്‍മെന്റായി പ്രവര്‍ത്തിക്കാനുള്ള സ്വാശ്രയ മാനേജ്‌മെന്റ് നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കണം. തലവരി പണം വാങ്ങാന്‍ ഒരു മാനേജ്‌മെന്റിനും അധികാരമില്ലെന്നും വിഷയം വിജിലന്‍സ് അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാന്‍ സാധ്യമല്ല. ഇക്കാര്യത്തില്‍ മതവിഭാഗങ്ങള്‍ക്കകത്ത് ചര്‍ച്ചകള്‍ ഉയര്‍ന്നുവരണമെന്നും അഭിപ്രായ സമന്വയമുണ്ടാക്കണമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.