രാവിലെ 8.30ഓടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഒന്നര മണിക്കൂറോളം വൈകിയോടിയ ഏറനാട് എക്‌സ്‌പ്രസ് തുറവൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ശേഷം പിന്നാലെ വന്ന ജനശതാബ്ദി എക്‌സ്‌പ്രസ് ട്രെയിന്‍ കയറ്റിവിടാന്‍ റയില്‍വേ തീരുമാനിച്ചു. ഇതോടെ ഏറനാട് എക്‌സ്‌പ്രസിലെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
റെയില്‍വെ ട്രാക്കില്‍ കുത്തിയിരുന്ന യാത്രക്കാര്‍ ജനശതാബ്ദി എക്‌സ്‌പ്രസ് തടഞ്ഞു. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും യാത്രക്കാര്‍ ഉപരോധിച്ചു. തൊട്ടുപിന്നാലെ എത്തിയ എറണാകുളം പാസഞ്ചര്‍ ട്രെയിനും പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതോടെ ആലപ്പുഴ തീരദേശ റയില്‍പാത വഴിയുള്ള റയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ജനശതാബ്ദി എക്‌സ്‌പ്രസിന് പോകാന്‍ വേണ്ടി അരമണിക്കൂറിലധികം ഏറനാട് എക്‌സ്‌പ്രസ് പിടിച്ചിടുന്നെന്നാണ് യാത്രക്കാര്‍ പറയുന്നത്.
തുടര്‍ന്ന് കുത്തിയതോട് പൊലീസ് എത്തി യാത്രക്കാരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ പത്തുമണിയോടെ ഏറനാട് എക്‌സ്‌പ്രസ് ആദ്യം കടത്തിവിടുകയായിരുന്നു. ഗതാഗതം ഒന്നരമണിക്കൂറിലധികം തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി.
