ഷിക്കാഗോ: ജീവനക്കാരന് വേണ്ടി സീറ്റ് ഒഴിഞ്ഞു നല്‍കാന്‍ വിസമ്മതിച്ച ഡോക്ടറെ വിമാനത്തിനുള്ളില്‍ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കിയതിന് വിമാനക്കമ്പനി മാപ്പുപറഞ്ഞു. യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നും ഏഷ്യന്‍ വംശജനായ ഡോക്ടറെ വലിച്ചിഴച്ച് പുറത്തിറക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മാപ്പുപറഞ്ഞ് രക്ഷപെടാന്‍ കമ്പനിയുടെ ശ്രമം.
നാല് ജീവനക്കാര്‍ക്ക് സീറ്റ് തരപ്പെടുത്തുന്നതിനായി യാത്രക്കാരില്‍ നിന്ന് സന്നദ്ധതയുള്ളവരെ പുറത്തിറക്കാനായിരുന്നു ആദ്യ ശ്രമം. ആയിരം ഡോളര്‍ സമ്മാനം വാഗ്ദാനം ചെയ്തിട്ടും ആരും തയ്യാറാകാതെ വന്നതോടെ ഞറുക്കെടുത്ത് 4 പേര് പുറത്തിറക്കാന്‍ തീരുമാനിച്ചു. ഇതില്‍ ഒരാള്‍ തയ്യാറായില്ല. തനിക്ക് അടുത്ത ദിവസം തന്നെ രോഗികളെ പരിശോധിക്കേണ്ടതുണ്ടെന്നും യാത്ര മാറ്റി വെയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചെങ്കിലും ജീവനക്കാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പൊലീസിനെ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. രണ്ട് യാത്രക്കാര്‍ സംഭവം വീഡിയോയില്‍ പകര്‍ത്തി. ഡോക്ടറുടെ മുഖത്തിന് മുറിവേല്‍ക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. കുഴഞ്ഞുവീണ അദ്ദേഹത്തെ പിന്നീട് സ്ട്രെച്ചറിലാണ് വിമാനത്താവളത്തിലേക്ക് മാറ്റിയത്.
നിശ്ചിത എണ്ണത്തിലധികം യാത്രക്കാരെ കയറ്റിയ ശേഷമാണ് ജീവനക്കാരന് വേണ്ടി സീറ്റ് ഒഴിപ്പിക്കാന്‍ ശ്രമിച്ചത്. കമ്പനിക്ക് വളരെ അസ്വസ്ഥതയുണ്ടാക്കിയ സംഭവമാണ് നടന്നതെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് സി.ഇ.ഒ പറഞ്ഞു. സംഭവം പരിശോധിക്കുമെന്നും മറ്റ് നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാന ജീവനക്കാരും പൊലീസും ചേര്‍ന്നാണ് യാത്രക്കാരനെ വലിച്ചിഴച്ചത്. എന്നാല്‍ യുണൈറ്റഡ് എയര്‍ലൈന്‍സിനെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.
