അമൃത്സറില്‍നിന്ന് ദില്ലി വഴി കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന വിസ്താര എയര്‍ലൈന്‍സിന്റെ യു കെ 707 വിമാനത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. 

ദില്ലി: വിമാനത്തിനുള്ളില്‍ പുകവലിക്കണമെന്ന ആവശ്യപ്പെട്ട് ബഹളം വച്ച യാത്രക്കാരനെ പുറത്താക്കി വിസ്താര എയർലൈൻസ്. അമൃത്സറില്‍നിന്ന് ദില്ലി വഴി കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന വിസ്താര എയര്‍ലൈന്‍സിന്റെ യു കെ 707 വിമാനത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. യാത്രക്കാരനൊപ്പം കുടുംബത്തെയും വിമാനത്തിൽനിന്ന് പുറത്താക്കി. ബഹളത്തിനുശേഷം മൂന്ന് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. 

വിമാനത്തിനുള്ളില്‍ വച്ച് പുകവലിക്കണമെന്ന് യാത്രക്കാരൻ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പുകവലിക്കാൻ പാടില്ലെന്ന് അധികൃതർ യാത്രക്കാരന് താക്കീത് നൽകി. ഇതിനെതുടർന്ന് തന്നെയും കുടുംബത്തെയും വിമാനത്തിൽനിന്ന് പുറത്തിറക്കണമെന്ന് യാത്രക്കാരൻ അധികൃതരോട് ആവശ്യപ്പെട്ടു. തുടർന്ന് യാത്രക്കാരനെയും കുടുംബത്തെയും പുറത്തിറക്കിയതിനു ശേഷം വിമാനം പുറപ്പെടുകയായിരുന്നു. ദില്ലി വിമാനത്താവളത്തില്‍നിന്ന് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവമെന്ന് വിസ്താര എയർലൈൻസിന്റെ വക്താവ് വ്യക്തമാക്കി.