ശുദ്ധവായു കിട്ടാന്‍ ആകാശത്ത് വച്ച് വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറന്നയാള്‍ പിടിയില്‍ ഇയാള്‍ക്ക് 15 ദിവസം തടവും 11,000 ഡോളര്‍ പിഴയും ലഭിച്ചു

ബെയ്ജിങ്: പറന്നുയര്‍ന്ന വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറന്ന ചൈനീസ് യാത്രക്കാരന്‍ പിടിയില്‍. യാത്രയ്ക്കിടെ ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന്, ശുദ്ധവായു ലഭിക്കാന്‍ വേണ്ടിയാണ് വാതില്‍ തുറന്നതെന്നാണ് ഇയാളുടെ വിശദീകരണം. എന്നാല്‍ ഇയാള്‍ വാതില്‍ തുറന്നയുടനെ വിമാനത്തിനകത്തേക്ക് കാറ്റടിച്ച് നിസാരമായ കേടുപാടുകള്‍ പറ്റിയെന്ന് ജീവനക്കാര്‍ അറിയിച്ചു.

ഏപ്രില്‍ 27ന് ചൈനയിലെ മിയാന്‍യാങ് വിമാനത്താവളത്തിലായിരുന്നു സംഭവം. 25കാരനായ ചെന്‍ എന്നയാളാണ് എമര്‍ജന്‍സി വാതില്‍ തുറന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം തുറക്കേണ്ട വാതിലായിരുന്നു ഇതെന്ന് അറിയാതെയാണ് ഇയാള്‍ തുറന്നതെന്നാണ് പൊലീസ് പറയുന്നു. ചൂട് അനുഭവപ്പെട്ടപ്പോളാണ് അരികിലായുണ്ടായിരുന്ന വാതില്‍ തുറന്നതെന്ന് ഇയാള്‍ പ്രതികരിച്ചു. എന്നാല്‍ വാതില്‍ താഴെ വീണപ്പോള്‍ പരിഭ്രാന്തനായി ജീവനക്കാരെ വിവരം അറിയിച്ചതായും ചെന്‍ വ്യക്തമാക്കി. ഇയാള്‍ക്ക് 15 ദിവസം തടവും 11,000 ഡോളര്‍ പിഴയും ലഭിച്ചതായാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനു മുമ്പും സമാനമായ രീതിയില്‍ യാത്രക്കാര്‍ വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. 2014ൽ ആഭ്യന്തര വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരന്‍ ഇതുപോലെ കാറ്റ് കിട്ടാനായി എമര്‍ജന്‍സി വാതില്‍ തുറന്നിരുന്നു. അന്ന് വിമാനത്തിന് പറ്റിയ കേടുപാടുകള്‍ക്ക് പരിഹരിക്കാനുള്ള തുക യാത്രക്കാരനില്‍ നിന്ന് തന്നെ ഈടാക്കി. 2017ലാണ് അന്ധവിശ്വാസമുളള ഒരു സ്ത്രീ വിമാനത്തിന്‍റെ എൻജിനില്‍ നാണയങ്ങള്‍ എറിഞ്ഞ് എൻജിന്‍ കേടാക്കിയത്.