യാത്രക്കാരന്‍ തൊട്ടടുത്ത സീറ്റിലിരുന്ന ആളുടെ മടിയില്‍ കയറി വിമാന ജീവനക്കാരനെ പിന്തുടര്‍ന്ന് കയ്യേറ്റം ചെയ്തു
വിമാനയാത്രക്കിടെ തണുത്ത ബിയര് ആവശ്യപ്പെട്ടിട്ട് കിട്ടാതായതോടെ യാത്രക്കാരുടെയും ജീവനക്കാരുടെയും ദേഹത്ത് ചോര തുപ്പി യാത്രക്കാരന്. സെന്റ് ക്രോയിക്സിലേക്ക് പുറപ്പെട്ട അമേരിക്കന് വിമാനത്തിലാണ് നാടകീയ സംഭവങ്ങള് . വിമാനം ടെയ്ക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനത്തിലെ ജീവനക്കാരോട് തണുത്ത ബിയര് ആവശ്യപ്പെടുകയായിരുന്നു ജോസണ് ഫെലിക്സ് എന്ന യാത്രക്കാരന്. യാത്രക്കാരന്റെ ആവശ്യം നിരാകരിച്ച എയര് ഹോസ്റ്റസ് ലാന്ഡ് ചെയ്യാന് ഏറെ സമയമില്ലെന്നും സീറ്റില് പോയിരിക്കാന് നിര്ദേശിച്ചതോടെയാണ് യാത്രക്കാരന് പ്രകോപിതനാവുകയായിരുന്നു.
വിന്ഡോ സീറ്റിലിരുന്ന യാത്രക്കാരന് തൊട്ടടുത്ത സീറ്റിലിരുന്ന ആളുടെ മടിയില് കയറി നില്ക്കുകയും ക്യാബിന് ഡോര് തുറക്കാന് ശ്രമിക്കുകയും ചെയ്തു. ആവശ്യം നിരാകരിച്ച വിമാന ജീവനക്കാരനെ പിന്തുടര്ന്ന് കയ്യേറ്റം ചെയ്യാന് ഇയാള് ശ്രമിച്ചതോടെ വിമാനത്തിലെ മറ്റ് യാത്രക്കാര് ഇടപെടുകയായിരുന്നു. സീറ്റില് ഇരിക്കാന് സഹയാത്രികര് ആവശ്യപ്പെട്ടതോടെ ഇയാള് ആളുകളോട് തട്ടിക്കയറാന് തുടങ്ങി. സഹയാത്രികനെ ഇയാള് കയ്യേറ്റം ചെയ്തു. വിമാനത്തില് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് ഇവരുടെ അടുത്ത് എത്തിയപ്പോഴേക്കും ഇരുവരും പോരടിക്കുന്ന നിലയില് ആയിരുന്നു.
സഹയാത്രികര് ഇയാളെ പിടിച്ച് മാറ്റാന് ശ്രമിച്ചതോടെയാണ് യാത്രക്കാരുടെ മേലും ജീവനക്കാരുടെ മേലും രക്തം തുപ്പുകയായിരുന്നു. ഇയാളെ ശാന്തനാക്കി സീറ്റിലിരുത്താന് ശ്രമിച്ചത് പരാജയപ്പെട്ടതോടെ ഇയാളെ സീറ്റോട് ചേര്ത്ത് ബന്ധിക്കുകയായിരുന്നു. വിമാനത്താവളത്തില് വച്ച് ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി. 20 വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്ക്കെതിരെ ചുമത്തിയിട്ടുള്ളത്.
