കൊച്ചി: സൗദിയിലേക്കുള്ള വിമാനം ഒരു ദിവസം വൈകിയിട്ടും ഇതുവരെ പുറപ്പെടാത്തതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ പുറപ്പെടെണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാ‍ർ മൂലമാണ് സൗദി എയർലൈൻസ് വിമാനം വൈകുന്നത്.

സൗദി എയര്‍ലൈന്‍സിന്റെ കൊച്ചി-റിയാദ് വിമാനം ഇന്നലെ ഉച്ചയ്ക്ക് 12.50ന് പുറപ്പെടേണ്ടിയിരുന്നതാണ്. എന്നാൽ ഒരു ദിവസം കഴിഞ്ഞിട്ടും വിമാനം എപ്പോൾ പറക്കുമെന്നതിൽ വ്യക്തതയില്ല. വിമാനം വൈകുന്നതിന്റെ കാരണം സൗദി എയർലൈൻസ് അധികൃതർ യാത്രക്കാരെ അറിയിക്കുന്നുമില്ല. ബ്രേക്ക് തകരാറാണ് വിമാനത്തിന്റെ യാത്ര വൈകിപ്പിക്കുന്നത്. തകരാർ പരിഹരിച്ചെങ്കിലും റൺവേ നനഞ്ഞ് കിടക്കുന്നതിനാൽ വിമാനം പരീക്ഷണ ഓട്ടം നടത്താൻ പൈലറ്റ് തയ്യാറാകുന്നില്ല. പരീക്ഷണ പറക്കൽ നടത്താതെ വിമാനം സ‍ർവീസ് നടത്താനുമാകില്ല.

എന്നാൽ ഒരു ദിവസം പിന്നിട്ടിട്ടും പകരം വിമാനം സജ്ജമാക്കാനോ മറ്റ് വിമാനങ്ങളിൽ കയറ്റി വിടാനോ സൗദി എയർലൈൻസ് അധികൃതർ തയ്യാറാകുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഭൂരിപക്ഷം യാത്രക്കാരും റിയാദിൽ നിന്ന് കണക്ഷൻ ഫ്ലൈറ്റ് പിടിച്ച് മറ്റിടങ്ങളിലേക്ക് പോകാനുള്ളവരാണ്. വിസ കാലാവധി തീരുന്നതിന് മുമ്പ് എത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുന്ന ആശങ്കയും യാത്രക്കാർ പങ്കുവയ്ക്കുന്നു. 150  യാത്രക്കാരാണ് വിമാനത്തില്‍ പോകേണ്ടിയിരുന്നത്. അധികൃതരില്‍ നിന്ന് അനുകൂല തീരുമാനം പെട്ടെന്ന് ഉണ്ടായില്ലെങ്കിൽ സൗദി എമിഗ്രേഷന്‍ കൗണ്ടർ ഉപരോധിക്കാനാണ് യാത്രക്കാരുടെ തീരുമാനം.