മാമ്മോദീസ നൽകാൻ കുളത്തിലിറങ്ങിയപ്പോഴാണ് സംഭവം ആക്രമണത്തിൽകാൽ നഷ്ടമായി
എത്യോപ്യ: മാമ്മോദീസ ചടങ്ങുകൾ നടത്താൻ കുളത്തിലിറങ്ങി നിന്ന പാസ്റ്ററെ മുതല കടിച്ചു കൊന്നു. തെക്കൻ എത്യോപ്യയിലെ പാസ്റ്ററായ ഡോച്ചോ എഷീതിനെയാണ് മുതല കൊന്നത്. എൺപത് പേരടങ്ങുന്ന സംഘമാണ് മാമ്മോദീസ സ്വീകരണത്തിനായി എത്തിയത്.
രണ്ടാമത്തെ ആളെ വെള്ളത്തിൽ മുക്കാൻ തുടങ്ങിയപ്പോഴാണ് മുതല അക്രമിച്ചത്. എത്യോപ്യയിലെ അബയ തടാകത്തിലാണ് സംഭവം. വെള്ളത്തിലിറങ്ങി നിന്ന പാസ്റ്ററെ കാലിൽ പിടിച്ച് മുതല വലിച്ചുകൊണ്ടു പോകുകയായിരുന്നു. ആക്രമണത്തിൽ ഒരു കാൽ നഷ്ടമായി.
തൊട്ടടുത്തുണ്ടായിരുന്ന മീൻപിടുത്തക്കാരാണ് വല ഉപയോഗിച്ച് പാസ്റ്ററെ തീരത്ത് എത്തിച്ചത്. കരയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഈ തടാകത്തിന്റെ തീരത്ത് മുതലകൾ വിശ്രമിക്കുന്ന കാഴ്ച സർവ്വസാധാരണമാണ്. ഇവ ആരെയും ആക്രമിച്ചതായി കേട്ടിട്ടില്ല. എന്നാൽ തടാകത്തിൽ മീനുകൾ കുറയുകയും മുതലകൾക്ക് ഭക്ഷണം ലഭിക്കാതെ വരികയും ചെയ്ത സാഹചര്യത്തിലാകാം ഇവ മനുഷ്യനെ ആക്രമിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
