ക്രിക്കറ്റ് വിദേശ കളിയാണ്, ഇന്ത്യന്‍ സംസ്‌കാരമല്ല  ഐപിഎല്ലിന് പരസ്യം നല്‍കില്ലെന്ന് പതഞ്ജലി ഇന്ത്യന്‍ കായിക ഇനങ്ങള്‍ മാത്രമേ പതഞ്ജലി സ്‌പോണ്‍സര്‍ ചെയ്യുകയുള്ളൂ

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പരസ്യം നല്‍കില്ലെന്ന് ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ്. ക്രിക്കറ്റ് വിദേശ കളിയാണെന്നും അതുകൊണ്ട് ഐപിഎല്ലിന് പരസ്യം നല്‍കാനാകില്ലെന്നുമാണ് പതഞ്ജലി ഗ്രൂപ്പിന്‍റെ വിശദീകരണം.

ഐപിഎല്‍ കണ്‍സ്യൂമറിസത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. മള്‍ട്ടിനാഷണുകളാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഇന്ത്യന്‍ കായിക ഇനങ്ങള്‍ മാത്രമേ പതഞ്ജലി സ്‌പോണ്‍സര്‍ ചെയ്യുകയുള്ളൂ. ഉദാഹരമാണ് കബഡിയും ഗുസ്തിയും.’ പതഞ്ജലിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആചാര്യ ബാലകൃഷ്ണ പറയുന്നു.

രാജ്യത്ത് തന്നെ പരസ്യത്തിന് ഏറ്റവും കൂടുതല്‍ പണം മുടക്കുന്ന കമ്പനിയാണ് പതഞ്ജലി. സോഷ്യല്‍ മീഡിയയിലൂടേയും മറ്റ് ഡിജിറ്റല്‍ മീഡിയ വഴിയും പരസ്യത്തിനായി കമ്പനി പ്രതിവര്‍ഷം 600 കോടിയോളം രൂപ പരസ്യത്തിനായി ചെലവാക്കുന്നുണ്ടെന്നാണ് കണക്ക്.