Asianet News MalayalamAsianet News Malayalam

തലയുയർത്തി നിൽക്കുന്ന ഉരുക്കുമനുഷ്യൻ; പട്ടേൽ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്ന ചൈനയിലെ സ്പ്രിം​ഗ് ടെംപിൾ ഓഫ് ബുദ്ധയേക്കാൾ 177 അടി കൂടുതൽ ഉയരവുമായി തലയുയർത്തി നിൽക്കുകയാണ് പട്ടേൽ പ്രതിമ. 2389 കോടിയാണ് പ്രതിമാ നിർമ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. ​എന്നാൽ പ്രതിമയ്ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലെ ഗോത്രസമൂഹം ഇന്ന് പട്ടിണിദിനമായി ആചരിച്ച് പ്രതിഷേധിക്കുകയാണ്. 

patel statue unveiled by modi in gujrat
Author
Gujarat, First Published Oct 31, 2018, 10:48 AM IST

ദില്ലി: ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 597 അടിയാണ് (182 മീറ്റർ) പ്രതിമയുടെ ഉയരം. ഇന്ത്യയുടെ 'ഉരുക്കു മനുഷ്യൻ' എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു. 

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്ന ചൈനയിലെ സ്പ്രിം​ഗ് ടെംപിൾ ഓഫ് ബുദ്ധയേക്കാൾ 177 അടി കൂടുതൽ ഉയരവുമായി തലയുയർത്തി നിൽക്കുകയാണ് പട്ടേൽ പ്രതിമ. 2389 കോടിയാണ് പ്രതിമാ നിർമ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. ​ഗുജറാത്തിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമ. 

ഉദ്ഘാടനത്തിന്‍റെ ഭാഗമായി ദില്ലിയിൽ ഇന്ന് രാവിലെ 'യൂണിറ്റി മാരത്തോൺ' എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി വിപുലമായ പരിപാടികളാണ് പ്രതിമയുടെ അനാച്ഛാദനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചത്.

എന്നാൽ പ്രതിമ അനാച്ഛാദനത്തിനെതിരെ ​അഹമ്മദാബാദിലെ ​ഗോത്രസമൂഹങ്ങളും കർഷകരും വൻ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മ്മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമുള്ള ഗോത്രവര്‍ഗ്ഗക്കാരാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. പ്രതിമ നിർമ്മിക്കാനും തൊട്ടടുത്ത പ്രദേശങ്ങളിലെ ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ തങ്ങളുടെ സ്ഥലം കയ്യേറി എന്നാണ് ഗോത്രസമൂഹങ്ങളുടെ ആരോപണം. 

ഒക്ടോബർ 31 മരണവീടായി ആചരിക്കാനാണ് ഇവരുടെ തീരുമാനം. ഭക്ഷണം പാകം ചെയ്യാതെ ദുഖം ആചരിച്ച് പ്രതിഷേധിക്കുമെന്ന് ഇവർ വെളിപ്പെടുത്തുന്നു. ​ഗോത്രസമൂഹത്തിന്റെ സ്ഥലത്ത് പ്രതിമ നിർമ്മിച്ചതല്ലാതെ ഇവർക്ക് പുനരധിവാസ സൗകര്യങ്ങളോ ജോലിയോ സർക്കാർ നൽകിയിട്ടില്ല. അതിനെ തുടർന്നാണ് പ്രതിഷേധം. 

ഈ പ്രതിമയുടെ പ്രത്യേകതകളെക്കുറിച്ചുള്ള ഞങ്ങളുടെ വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം.

Follow Us:
Download App:
  • android
  • ios