പത്തനംതിട്ട: കേരള കോണ്‍ഗ്രസ്സിനെ വെല്ലുവിളിച്ച് പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. കേരള കോണ്‍ഗ്രസ്സുമായി സഹകരിച്ച് ത്രിതല പഞ്ചായത്തുകളില്‍ ഭരണം തുടരേണ്ടതില്ലെന്ന് ഡി സി സിയില്‍ ധാരണ. തീരുമാനം കെ പി സി സിയും യു ഡി എഫും അംഗീകരിച്ചാല്‍ തിരുവല്ല നഗരസഭ ഉള്‍പ്പടെ ജില്ലയിലെ പത്തിലേറെ ത്രിതല പഞ്ചായത്തുകളിലെ ഭരണം ത്രിശങ്കുവിലാകും.
പത്തനംതിട്ടയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം കേരള കോണ്‍ഗ്രസ് ചങ്ങാത്തം വേണ്ടെന്ന തീരുമാനം ഒറ്റക്കെട്ടായി എടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ്സിന്റെ ദയ കൊണ്ട് ഭരണം തുടന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാശരാകും. പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാന്‍ കേരള കോണ്‍ഗ്രസ് സഖ്യം പൂര്‍ണ്ണമായി ഉപേക്ഷിക്കണം.
ഡി സി സി തീരുമാനം കെ പി സി സി യേയും യു ഡി എഫ് നേതൃത്വത്തേയും അറിയിക്കും. യു ഡി എഫ് എടുക്കുന്ന തീരുമാനം എന്തായാലും ഒപ്പം നില്‍ക്കാനും ഡി സി സിയില്‍ ധാരണയായി. പ്രധാനമായും കോണ്‍ഗ്രസ് അധ്യക്ഷനുള്ള തിരുവല്ല നഗരസഭ, ജില്ലയിലെ നാല് ബ്ലോക്ക് പഞ്ചായത്തുകള്‍, അഞ്ചിലേറെ ഗ്രാമ പഞ്ചായത്തുകളിലും കേരള കോണ്‍ഗ്രസ് ബന്ധം കോണ്‍ഗ്രസ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ ഭരണ പ്രതിസന്ധിയുണ്ടാകും. കോണ്‍ഗ്രസ്സിനുള്ള മറുപടി 14ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമെന്ന നിലപാടിലാണ് ജില്ലയിലെ കേരള കോണ്‍ഗ്രസ് നേതൃത്വം.
