പട്യാല: 22 വര്‍ഷത്തിനിടെ ഏഴുപേരെ ദാരുണമായി കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ലുധിയാന ജില്ലയിലെ ബദ്ലോവില്‍ സ്വദേശി ജഗ്രൂപ് സിങാണ് പിടിയിലായത്. ഏഴ് കൊലപാതകങ്ങള്‍ നടത്തിയിട്ടും 22 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇയാള്‍ പിടിയിലാകുന്നത്. 

സിനിമയെ വെല്ലുന്ന കൊലപാതക പരമ്പരയാണ് ജഗ്രൂപ് നടത്തിയത്. അവിഹിതബന്ധം പുലര്‍ത്തിയിരുന്ന രണ്ട് സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരെ 2004ലും 2011ലുമായി ജഗ്രൂപ് കൊലപ്പെടുത്തി. പാട്യാലയില്‍ അടുത്തിടെ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജഗ്രൂപ് പിടിയിലാകുന്നത്. ഡിസംബര്‍ 30നാണ് രജീന്ദര്‍ എന്നയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രജീന്ദറിന്‍റെ കാമുകിയുമായി ജഗ്രൂപ് ബന്ധം പുലര്‍ത്തിയതിന് പിന്നാലെയാണ് കൊലപാതകമെന്ന് വ്യക്തമായി. തുടര്‍ന്ന് ജഗ്രൂപിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇരുവരും ഒരുമിച്ച മദ്യപിക്കുകയും രജീന്ദറിന്‍റെ മദ്യത്തില്‍ മയക്കു മരുന്ന് ചേര്‍ത്ത് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുക്കുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തിലായിരുന്നു പൊലീസിന്‍റെ അന്വേഷണം.

ചോദ്യം ചെയ്യലില്‍ ഏഴ് കൊലപാതകങ്ങള്‍ നടത്തിയതായി ജഗ്രൂപ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 1995ലായിരുന്നു ആദ്യകൊലപാതകം. കവര്‍ച്ച നടത്തുന്നതിനിടെ രണ്ടുപേരെ കൊലപ്പെടുത്തി. 1998ല്‍ ഒരു കുടിയേറ്റക്കാരിയായ സ്ത്രീയെയും ജഗ്രൂപ് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി തെളിയാതെ കിടന്ന കൊലപാതക കേസുകളാണ് ഇപ്പോള്‍ ജഗ്രൂപിന്‍റെ അറസ്റ്റോടെ വെളിച്ചത്തുവരുന്നത്.