തമിഴ്നാട് ട്രാന്‍സ്പോര്‍ട് ബസ് ഇടിച്ചാണ് മരണം നിര്‍ത്താതെ പോയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: ആലപ്പുഴ വണ്ടാനത്ത് ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോള്‍ വാഹനാപകടത്തില്‍ മരിച്ചു. തകഴി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ചെക്കിടിക്കാട് നൂറ് പറത്തറ വീട്ടില്‍ തങ്കപ്പന്റെ മകന്‍ സുരേഷ് (45) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.45 ഓടെ ദേശീയ പാതയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. 

കഴിഞ്ഞ 16 വെള്ളിയാഴ്ച്ച ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാറാം വാര്‍ഡില്‍ മാതാവും സഹോദരിയുമൊത്ത് ചികിത്സയില്‍ കഴിഞ്ഞിരുന്ന സുരേഷ്, താന്‍ ചായ കുടിക്കാനായി പുറത്തേക്ക് പോകുകയാണെന്ന് ബന്ധുക്കളെ അറിയിച്ച ശേഷം പുറത്തേക്ക് പോയി. ഇയാള്‍ തിരിച്ചുവരാന്‍ താമസിച്ചതിനെ തുടര്‍ന്ന് ജീവനക്കാരും ബന്ധുക്കളും എയ്ഡ് പോസ്റ്റ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാഹന അപകടത്തില്‍ പെട്ട് മരിച്ചതായി കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അവിവാഹിതനാണ് സുരേഷ്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ തമിഴ്‌നാട് ട്രാസ്പോര്‍ട് കോര്‍പ്പറേഷന്റെ ബസ്സ് പുന്നപ്ര പോലീസ് പുനലൂര്‍ ഭാഗത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.