തിരുവനന്തപുരം: ആര്‍ദ്രം പദ്ധയുടെ ഭാഗമായി മെഡിക്കല്‍ കോളേജ് ആശുപത്രിയെ രോഗീ സൗഹൃദമാക്കാനായുള്ള ഒ.പി. നവീകരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശാനുസരണമാണ് രോഗീ സൗഹൃദത്തിനായി 10 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ആദ്യ ഘട്ടമായി എസ്.എ.ടി. ആശുപത്രിയിലെ മാതൃശിശുമന്ദിരം രോഗീസൗഹൃദമാക്കിയിരുന്നു. രണ്ടാം ഘട്ടമായാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇത് നടപ്പിലാക്കുന്നത്.

രോഗിക്ക് മനസിനും ശരീരത്തിനും സുഖം നല്‍കുന്ന ശാന്തമായ അന്തരീക്ഷം ഉണ്ടാക്കുകയാണ് രോഗീ സൗഹൃദത്തിന്റെ ഏറ്റവും പ്രധാനം. ഒരു രോഗി ആശുപത്രിയിലെത്തി ചികിത്സ കഴിഞ്ഞ് മടങ്ങി പോകുന്നതുവരെയുള്ള എല്ലാ കാര്യങ്ങളിലും രോഗീ സൗഹൃദമാക്കുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തുടക്കമെന്ന നിലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ഒ.പി. കെട്ടിടത്തിന്റെ പെയിന്റിംഗ് വരെ പുരോഗമിച്ചു വരുന്നു.

ക്യൂ സമ്പ്രദായം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്പ് വഴിയുമുള്ള രോഗികളുടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്ന സംവിധാനമാണേര്‍പ്പെടുത്തുന്നത്. ഇതനുസരിച്ച് വന്നാല്‍ ഒട്ടും കാലതാമസമില്ലാതെ ഡോക്ടറെ കണ്ട് മടങ്ങാം. ഇവിടെയെത്തുന്ന രോഗികള്‍ക്ക് മികച്ച വിശ്രമ സൗകര്യമായിരിക്കും ഒരുക്കുക. എല്ലാവര്‍ക്കും വിശ്രമിക്കാനായി കസേരകള്‍, വിശ്രമ സമയത്ത് ആരോഗ്യ വിദ്യാഭ്യാസ പരിപാടികള്‍ ആസ്വദിക്കാനുള്ള ടി.വികള്‍, മതിയായ കുടിവെള്ള സൗകര്യം, മികച്ച ശൗചാലയങ്ങള്‍, അംഗ പരിമിതിയുള്ളവര്‍ക്കായുള്ള പ്രത്യേക സൗകര്യങ്ങള്‍, വഴി തെറ്റാതിരിക്കാന്‍ പ്രത്യേക സൈനേജുകള്‍ എന്നിവയാണൊരുക്കി വരുന്നത്. ഇതോടൊപ്പം എല്ലാ പരിശോധനാ മുറികളും എയര്‍കണ്ടീഷന്‍ ചെയ്യും.

നിലവിലുള്ള ആശുപത്രി സങ്കല്‍പങ്ങളെല്ലാം മാറ്റാനുള്ള ശ്രമങ്ങളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നു വരുന്നതെന്ന് നോഡല്‍ ഓഫീസറായ ഡോ. സന്തോഷ് കുമാര്‍ പറഞ്ഞു. ഇതിനായി മനസിന് സുഖകരമായ അന്തരീക്ഷം ഒരുക്കുന്നതിനായി ഒ.പി. ബ്ലോക്കിന്റെ പെയിന്റിംഗ് മാറ്റി വരുന്നു. ഓരോ വിഭാഗങ്ങളിലും അതിന്റെ അര്‍ത്ഥത്തിനനുസരിച്ച് ചിന്തോദ്ദീപങ്ങളായ ചിത്രപ്പണികളും പെയിന്റിംഗുകളുമാണ് നടത്തുന്നത്.

ഒ.പി. ബ്ലോക്കിന്റെ മുഖഛായ മാറ്റുന്ന ചിത്രപ്പണികളാണ് നടക്കുന്നത്. ആശുപത്രിയുടെ പുറത്തുള്ള ചുവരുകളില്‍ ജീവിതത്തിന്റെ തുടിപ്പുകള്‍ ഹൃദയതാളത്തിന്റെ ഇ.സി.ജി.യിലൂടെ അവതരിപ്പിക്കുന്നു. മുഖങ്ങളുടേയും മുഖംമൂടികളുടേയും നിരയുമായി പ്ലാസ്റ്റിക് സര്‍ജറി, ഹൃദയവും ധമനികളും മറ്റ് രക്തക്കുഴലുകളേയും ഓര്‍മ്മിപ്പിച്ച് അതിജീവനത്തിന്റെ ചങ്ങലകള്‍ ധ്വനിപ്പിക്കുന്ന മരച്ചില്ലകളുമായി കാര്‍ഡിയോ തൊറാസിക് സര്‍ജറി, ദിനോസോറകളുടേയും തൈറോസോറകളുടേയും യുഗത്തിലേക്കിറങ്ങിച്ചെന്ന് അവശിഷ്ട എല്ലുകളേയും മാംസപേശികളേയും അവതരിപ്പിക്കുന്ന ഓര്‍ത്തോപീഡിക്‌സ്, ജീവിതത്തിന്റെ ഉയര്‍ച്ചകളും താഴ്ചകളും ധ്വനിപ്പിക്കുന്ന മനുഷ്യ ചലനത്തിന്റെ സര്‍ജറി വിഭാഗം അങ്ങനെ പോകുന്നു ചിത്രപ്പണികള്‍.

കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവും പ്രശസ്ത ചിത്രകാരനുമായ ഡോ. അജിത് കുമാര്‍ ജി.യുടെ നേതൃത്വത്തില്‍ 20 ഓളം കലാകാരന്‍മാരുടെ ആഴ്ചകള്‍ നീണ്ട പ്രയത്‌നമാണ് ഒ.പി ബ്ലോക്കില്‍ നടന്നുവരുന്നത്.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്., മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, നോഡല്‍ ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബി ജോണ്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയം കൂടിയാകുമിത്.