കേരളത്തില്‍ പട്ടികജാതി ഫണ്ട് ചെലവാക്കുന്നില്ല, രൂക്ഷവിമര്‍ശനവുമായി ദേശീയ പട്ടികജാതി കമ്മിഷൻ

കേരളത്തില്‍ പട്ടികജാതി ഫണ്ട് ചെലവാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് മടിയെന്ന് ദേശീയ പട്ടികജാതി കമ്മിഷൻ. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് കമ്മിഷൻ വൈസ് ചെയര്‍മാൻ എല്‍ മുരുകൻ പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളും സന്ദര്‍ശിച്ച ശേഷമാണ് മുന്നറിയിപ്പ്.

ഗുരുതര കൃത്യവിലോപമാണ് ഫണ്ട് ചെലവാക്കുന്നതില്‍ സംഭവിച്ചിരിക്കുന്നത്..ഇത്തരത്തില്‍ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ നിയമമുണ്ട്- ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചെയര്‍മാൻ എല്‍ മുരുകൻ പറഞ്ഞു

തിരുവനന്തപുരത്ത് അനുവദിച്ചതിന്റെ നേര്‍ പകുതി, കൊല്ലത്ത് കഴിഞ്ഞ വര്‍ഷം 82 കോടി അനുവദിച്ചതില്‍ 63 കോടി. മലയോര തീരദേശ ജില്ലകളില്‍ എല്ലാ അവസ്ഥ ഇത് തന്നെ. ഉദ്യോഗസ്ഥര്‍ കാട്ടുന്ന അലംഭാവമാണ് ഫണ്ട് വിനിയോഗം കാര്യക്ഷമമായി നടക്കാത്തതിന് കാരണമെന്നാണ് ദേശീയ പട്ടിക ജാതി കമ്മിഷന്റെ കണ്ടെത്തല്‍.

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആകെ അനുവദിച്ച തുക 70 കോടി, ചെലവഴിച്ചത് 36 കോടി മാത്രം.. കര്‍ണ്ണാടക, ആന്ധ്ര , തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഫണ്ട് ചെലവാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചിട്ടുണ്ട്.. എല്ലാവര്‍ഷവും ഓഗസ്റ്റ്മാസത്തിന് മുൻപാണ് ഫണ്ട് ചെലവഴിക്കേണ്ടത്.

പട്ടികജാതിക്കാര്‍ക്ക് വീട് വയ്‍ക്കാനുള്ള പദ്ധതികളും വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കണമെന്നും കമ്മിഷൻ നിര്‍ദേശിച്ചു.