തിരുവനന്തപുരം: പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ക്കെതിരെ കേസെടുക്കാമെന്ന് അഡ്വേക്കേറ്റ് ജനറലിന്റെ നിയമോപദേശം വിജിലന്‍സ് പൂഴ്‌ത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാമെന്ന് എ.ജി.സുധാകര പ്രസാദ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം നല്‍കിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടായ ശേഷം കേസിനെ കുറിച്ച് ആറു സംശയങ്ങള്‍ ഉന്നയിച്ച് എ.ജിക്ക് കത്തഴുതി. ഇതിനു നല്‍കിയ മറുപടിയിലാണ് വിജിലന്‍സിന് കേസെടുക്കാമെന്ന് സുധാകര പ്രസാദ് കഴിഞ്ഞ ഓഗസ്റ്റില്‍ മറുപടി നല്‍കിയത്.

സ്വകാര്യ വ്യക്തിക്കെതിരെ മാത്രമല്ല ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കാമെന്നായിരുന്നു എ.ജി.യുടെ നിര്‍ദ്ദേശം. ലോകായുക്തയില്‍ കേസ് പരിഗണിക്കുന്നത് വിജിലന്‍സ് അന്വേഷണത്തിന് തടസ്സമല്ല. കൈയേറ്റം സ്ഥരീകരിച്ചിട്ടും എന്തുകൊണ്ട് കേസെടുത്തില്ലയെന്നും എ.ജി.ചോദിച്ചിരുന്നു. പാറ്റൂര്‍ കൈയേറ്റത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വി.എസ്.നല്‍കിയ ഹജി പരിഗണിക്കവേ തിരുവനന്തപുരം വിജിലന്‍സ് കോടതിയും ഇതേ ചോദ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചിട്ടും എന്തുകൊണ്ട് തുടര്‍ നടപടിയുണ്ടായില്ലെന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം.പാറ്റൂരില്‍ വീണ്ടും ഉന്നത ഇടപടലുണ്ടാകുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ് വിജിലന്‍സ് നടപടി.

പാറ്റൂരില്‍ 31 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തി കൈയേറി ഫ്ലാറ്റ് നിര്‍മ്മിച്ചുവെന്നാണ് ആരോപണം. ഇതില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയറക്ടറിന് ലഭിച്ചിരുന്നു. സമാനകേസ് ലോകായുക്തയിലുണ്ടെന്ന് ചൂണ്ടികാട്ടി വിജിലന്‍സ് തുടര്‍നടപടി സ്വീകരിച്ചിരുന്നില്ല. പാറ്റൂര്‍ ഭൂമിയില്‍ വിജിലന്‍സ് നടത്തിയ രഹസ്യപരിശോധനയില്‍ കൈയേറ്റം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിവാദങ്ങളും ആരംഭിക്കുന്നത്.