തിരുവനന്തപുരം: വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി പുതിയ ചീഫ് സെക്രട്ടറിയാവും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാം ഈമാസം 31ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്. മുന്‍മന്ത്രി ഇ.പി.ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പോള്‍ ആന്റണിയെ പ്രതിയാക്കിയിരുന്നു. ഈ കേസിന്റെ എഫ്.ഐ.ആറില്‍ അദ്ദേഹത്തെ മൂന്നാം പ്രതിയാക്കിയതോടെ താന്‍ ഇനിയും വ്യവസായ വകുപ്പ് സെക്രട്ടറിയായി തുടരുന്നതില്‍ ധാര്‍മ്മികതയില്ലെന്ന് കാണിച്ച് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആന്റണിയുടെ പ്രവര്‍ത്തനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പൂര്‍ണ്ണ തൃപ്തി അറിയിച്ചതോടെ അദ്ദേഹത്തോടെ അതേ സ്ഥാനത്ത് തന്നെ തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നേരത്തെ കെ.എസ്.ഇ.ബിയുടെ ചെയര്‍മാനും എം.ഡിയുമായും പോള്‍ ആന്റണി പ്രവര്‍ത്തിച്ചിട്ടുണ്ട്.