ഫ്രാന്‍സിന്‍റെ കിരീട പ്രതീക്ഷകളില്‍ മാഞ്ചസ്റ്റര്‍ താരത്തിന്‍റെ പങ്ക് വളരെ വലുതാണ്

മോസ്കോ: റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍ഡിന്‍റെ മിഡ് ഫില്‍ഡര്‍ ജനറലിന്‍റെ റോളിലാണ് പോള്‍ പോഗ്ബ പന്തുതട്ടുന്നത്. ഫ്രാന്‍സിന്‍റെ കിരീട പ്രതീക്ഷകളില്‍ മാഞ്ചസ്റ്റര്‍ താരത്തിന്‍റെ പങ്ക് വളരെ വലുതാണ്. രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ രണ്ടിലും ജയിച്ച് ഫ്രഞ്ച് പട കരുത്തു കാട്ടിയിട്ടുണ്ട്. രണ്ട് മത്സരത്തിലും പോഗ്ബ നിര്‍ണായക സാന്നിധ്യമായിരുന്നു.

അതിനിടയിലാണ് ആരാധകരെ ഞെട്ടിക്കുന്ന പ്രതികരണവുമായി താരം രംഗത്തെത്തിയത്. റഷ്യയിലേത് തന്‍റെ അവസാന ലോകകപ്പ് ആയേക്കുമെന്ന് പോഗ്ബ പറഞ്ഞു. ഇനിയൊരിക്കല്‍ കൂടി ലോകകപ്പിനായുള്ള ഫ്രഞ്ച് ടീമിലേക്ക് തന്നെ വിളിക്കണമെന്നില്ലന്നും യാഥാര്‍ത്ഥ്യബോധത്തോടെയാണ് താന്‍ സംസാരിക്കുന്നതെന്നും പോഗ്ബ വ്യക്തമാക്കി.

ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് പോഗ്ബയുടെ പ്രതികരണം. ഫ്രഞ്ച് ടീമിലെത്തി 2 വര്‍ഷത്തിനിടെ ആദ്യമായാണ് പോഗ്ബ വാര്‍ത്താസമ്മേളനം നടത്തിയതെന്നതും ശ്രദ്ധേയമാണ്.