കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടെലിവിഷന്‍ സംവാദത്തിലും ട്രംപിന്റെ അശ്ലീല സംഭാഷണം തന്നെയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. സ്‌ത്രീകള്‍ക്കെതിരെ അശ്ലീല സംഭാഷണം നടത്തിയതില്‍ അഭിമാനിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം ഇന്നലെ പ്രതികരിച്ചത്. ഇക്കാര്യത്തില്‍ തന്റെ കുടുംബത്തോടും അമേരിക്കയോടും മാപ്പ് പറഞ്ഞതാണെന്നും ട്രംപ് സംവാദത്തില്‍ പറഞ്ഞു. 2008ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജോണ്‍ മക്കൈന്‍ ട്രംപിന് നല്‍കിയ പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊള്ളാവുന്ന മറ്റാരെയെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കേണ്ടിയിരുന്നുവെന്നും മക്കൈന്‍ തുറന്നടിച്ചു. ട്രംപിന്റെ അശ്ലീല സംഭാഷണം പുറത്തുവന്നതോടെ ആദ്ദേഹത്തിന്റെ ഭാര്യയും ഇതില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.