ദില്ലി: ശ്രീ ശ്രീ രവിശങ്കറിന്‍റെ ആര്‍ട്ട് ഓഫ് ലിവിംഗ് കഴിഞ്ഞ മാര്‍ച്ചില്‍ യമുനാ തീരത്ത് സംഘടിപ്പിച്ച ലോക പൈതൃക ദിനാഘോഷത്തിന് പിഴ ഏര്‍പ്പെടുത്തിയതിനെതിരേ നല്‍കിയ ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ തള്ളി. പിഴ അടയ്ക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരേ ആര്‍ട്ട് ഓഫ് ലിവിംഗ് ഏപ്രിലിലാണ് ഹര്‍ജി നല്‍കിയത്. ബാക്കിയുള്ള പിഴയായ അഞ്ചു കോടി എത്രയും വേഗം അടയ്ക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

ആര്‍ട്ട് ഓഫ് ലിവിംഗ് 25 ലക്ഷം രൂപ നേരത്തേ പിഴ അടച്ചിരുന്നു. 4.75 കോടി രൂപ ബാങ്ക് ഗ്യാരന്റിയായി നല്‍കാമെന്ന ഉറപ്പിന്‍മേലാണ് പരിപാടി നടത്താന്‍ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. യമുനാ തീരത്ത് പരിപാടി സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയതിന് ഡല്‍ഹി ഡെവലപ്‌മെന്റ് അഥോറിറ്റിക്കും ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തിയിരുന്നു. 35 ലക്ഷത്തോളം പേര്‍ പങ്കെടുത്ത പരിപാടിക്കായി യമുനാ തീരത്ത് ഏഴ് ഏക്കര്‍ സ്ഥലത്തായാണ് വേദി നിര്‍മിച്ചത്.